ടാറ്റ എഐജി ഇന്‍ഷുറന്‍സിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; പോളിസി നിലനില്‍ക്കെ ക്ലെയിം നിരസിച്ചത് നിയമപരമല്ല

ഇന്‍ഷുറന്‍സ് പോളിസി നിലനില്‍ക്കെ ക്ലെയിം തുക നിരസിച്ചതിനാണ് ടാറ്റ എഐജി ഇന്‍ഷുറന്‍സ് കമ്പനിക്ക് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി പിഴയിട്ടത്. പാലാ മേലുകാവ് സ്വദേശി വിജെ തോമസാണ് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. 2020 നവംബറിലാണ് പരാതിക്കാരന്‍ പോളിസി എടുത്തത്. 2021ല്‍ പോളിസി പുതുക്കുകയും ചെയ്തിരുന്നു.

2022 മെയ് മാസം കാരിത്താസ് ഹോസ്പിറ്റലില്‍ പരാതികാരന്‍ ചികിത്സക്കായി അഡ്മിറ്റായി. ഡോക്ടര്‍മാര്‍ സെപ്‌റ്റോപ്ലാസ്റ്റിക്കും ഫങ്ഷണല്‍ എന്‍ഡോസ്‌കോപിക് സൈനസ് സര്‍ജറിക്കും നിര്‍ദേശിച്ചു. സര്‍ജറിക്ക് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടുന്നതിനായി പരാതിക്കാരന്‍ അപേക്ഷ നല്‍കിയെങ്കിലും, പോളിസിയെടുത്ത് രണ്ടു വർഷത്തിന് ശേഷം മാത്രമേ ക്ലെയിം അനുവദിക്കൂവെന്ന കാരണം പറഞ്ഞ് കമ്പനി ഇത് നിരസിക്കുകയായിരുന്നു.

പോളിസി എടുത്ത സമയത്ത് കമ്പനി നല്‍കിയ രേഖകളില്‍ ഒന്നിലും ഇത്തരമൊരു നിബന്ധന പറഞ്ഞിരുന്നില്ല. കാലയളവ്, ബാധകമായ രോഗങ്ങളുടെ വിവരണം എന്നിവയും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. പരാതികാരന്റെ വാദം ശരിവച്ചുകൊണ്ടാണ് കോടതി ഇന്‍ഷുറന്‍സ് കമ്പനിക്ക് പിഴയിട്ടത്.

എല്ലാ പോളിസി ഉടമകള്‍ക്കും പോളിസി നിബന്ധനകളുടെയും മറ്റ് വ്യവസ്ഥകളുടെയും ഹാര്‍ഡ് കോപ്പി ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. അത് ഉറപ്പുവരുത്തേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും വിഎസ് മനുലാല്‍ പ്രസിഡന്റും ബിന്ദു ആര്‍, കെഎം ആന്റോ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top