ഓറിയന്റല്‍ ഇന്‍ഷുറന്‍സിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; ക്ലെയിം നിഷേധിച്ചതിന് 44,000 നഷ്ടപരിഹാരം

തിമിര ശസ്ത്രക്രിയയുടെ ചികിത്സാ ചിലവ് പൂര്‍ണമായും അനുവദിക്കാത്തതിനാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി പിഴയിട്ടത്. മൂവാറ്റുപുഴ സ്വദേശി സാബുവാണ് കമ്പനിക്കെതിരെ പരാതി നല്‍കിയത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹാപ്പി ഫ്‌ലോട്ടര്‍ മെഡിക്ലെയിം പോളിസിയില്‍ പരാതിക്കാരന്‍ അംഗമായിരുന്നു. രണ്ട് ലക്ഷം വരെ ചികിത്സാ ആനുകൂല്യം ലഭിക്കുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

ഇന്‍ഷുറന്‍സ് കാലയളവില്‍ പരാതിക്കാരന്റെ ഭാര്യയുടെ വലതു കണ്ണിന് തിമിര ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയില്‍ നടത്തി. 95,410/- രൂപ ബില്ലാകുകയും ചെയ്തു. എന്നാല്‍, ഇന്‍ഷുറന്‍സ് തുക ഭാഗികമായി മാത്രമേ അനുവദിച്ചുള്ളൂ. ഈ നടപടി പരാതിക്കാരന്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ മുമ്പാകെ ചോദ്യം ചെയ്തു. ഓംബുഡ്‌സ്മാന്‍ പരാതി തള്ളിക്കളഞ്ഞു. തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പോളിസി നിബന്ധനകള്‍ പ്രകാരമാണ് തുക വെട്ടിക്കുറച്ചത് എന്നായിരുന്നു ഓറിയന്റല്‍ ഇന്‍ഷുറന്‍സിന്റെ വാദം. ലെന്‍സ്, കണ്ണട, കോണ്‍ടാക്ട് ലെന്‍സ് എന്നിവ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരില്ല. ഇന്‍ഷുറന്‍സ് നിബന്ധനപ്രകാരം ‘റീസണബിള്‍ & കസ്റ്റമറി ചാര്‍ജസ്’ മാത്രമേ നല്‍കാനാകൂവെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ ഉപഭോക്തൃ കോടതി ഇത് അംഗീകരിച്ചില്ല. പോളിസി വ്യവസ്ഥകള്‍ അവ്യക്തമാണെങ്കില്‍ അത് പോളിസി എടുത്തയാൾക്ക് അനുകൂലമായി വിശാലമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഈ വാദം തള്ളിയത്.

മെഡിക്ലെയിം ഇനത്തില്‍ നല്‍കാനുള്ള 34,210 രൂപ, 5,000 രൂപ നഷ്ടപരിഹാരം, 5,000 രൂപ കോടതി ചിലവ് എന്നിവ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. അവകാശപ്പെട്ട ചികിത്സാ ആനുകൂല്യം ലഭിക്കാനായി ഓഫീസുകളും കോടതികളും കയറിയിറങ്ങി നടക്കേണ്ട ഗതികേടാണ് പലപ്പോഴും ഉപഭോക്താക്കള്‍ക്കുള്ളത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനവും നീതി നിഷേധവുമാണിത്. കുറേക്കൂടി കാര്യക്ഷമവും അനുതാപ പൂര്‍ണവുമായ സമീപനം ഇന്‍ഷുറന്‍സ് കമ്പനകളില്‍ നിന്ന് ഉപഭോക്താക്കള്‍ അര്‍ഹിക്കുന്നുവെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top