വാങ്ങി ഒറ്റവർഷത്തിനകം ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി അടിച്ചുപോയി; മര്യാദയില്ലാത്ത കമ്പനിക്ക് പിഴയടിച്ച് ഉപഭോക്തൃ കോടതി

ഇലക്ട്രിക് സ്കൂട്ടർ വാങ്ങി വാറന്റി കാലയളവിനുള്ളിൽ തന്നെ ബാറ്ററി തകരാറിലാകുക, അത് മാറ്റിനൽകാമെന്ന് ഉറപ്പ് നൽകിയ ശേഷം പഴയത് തന്നെ റിപ്പയർ ചെയ്തെന്ന് വിശ്വസിപ്പിച്ച് നൽകുക, അതും പണിമുടക്കുന്നു, കയ്യിൽനിന്ന് കാശെടുത്ത് പരാതിക്കാരൻ പുതിയ ബാറ്ററി വാങ്ങിയിടേണ്ടി വരിക. ഇത്രയുമായതോടെ ആണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ പരാതിയെത്തിയത്. 33,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. എറണാകുളം മഴുവന്നൂർ സ്വദേശി ജിജോ ജോർജ് ആണ് പരാതിക്കാരൻ.

Also Read: ആദിത്യ ബിര്‍ളക്ക് പിഴയടിച്ച് പെര്‍മനന്റ് ലോക് അദാലത്ത്; പ്രസവചികിത്സക്ക് ഇൻഷുറൻസ് കവറേജില്ലെന്ന വാദം കുട്ടയിലെറിഞ്ഞു

2020 ആഗസ്റ്റ് മാസത്തിലാണ് പെരുമ്പാവൂരിലെ ബോസ് ഇലക്ട്രോ വീൽസ് എന്ന സ്ഥാപനത്തിൽ നിന്ന് 59,990 രൂപക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ബാറ്ററിക്ക് ഒരു വർഷത്തെ വാറൻ്റി നൽകിയിരുന്നു. എന്നാൽ വാങ്ങി ഏതാനും മാസത്തിനുള്ളിൽ ബാറ്ററി തകരാറിലായി. എതിർകക്ഷിയെ സമീപിച്ചെങ്കിലും ബാറ്ററി സ്റ്റോക്കില്ലെന്ന് അറിയിച്ച് പഴയത് തന്നെ റിപ്പയർ ചെയ്ത് നൽകുകയാണ് ഉണ്ടായത്. വീണ്ടും പ്രശ്നങ്ങളായി സ്കൂട്ടർ ഓടിക്കാൻ കഴിയാത്ത അവസ്ഥയെത്തി. ഇതോടെ പരാതിക്കാരൻ സ്വയം പണം മുടക്കി പുതിയ ബാറ്ററി വാങ്ങേണ്ടിവന്നു.

Also Read: കൊറിയർ നഷ്ടപ്പെട്ടാൽ വെറും 100 രൂപ നഷ്ടപരിഹാരം !! വേറൊന്നും ചെയ്യാനില്ലെന്ന് DTDC; 35,000 പിഴയടിച്ച് ഉപഭോക്തൃ കോടതി

നഷ്ടമായ തുകയും കോടതി ചെലവും ആവശ്യപ്പെട്ടാണ് പരാതികാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പുതിയ ബാറ്ററിയും ചാർജറും വാങ്ങാൻ നിർബന്ധിതമായ സാഹചര്യം സംശയാതീതമായി ബോധ്യപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നഷ്ടപരിഹാരം വിധിച്ചത്. ബാറ്ററി, ചാർജർ എന്നിവയുടെ വിലയായ 18,150 രൂപയും, കോടതി ചിലവ്, നഷ്ടപരിഹാരം എന്നിവക്കായി 15,000 രൂപയും 30 ദിവസത്തിനകം നൽകാനാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി സി.ടി.അഹമ്മദ് തലിം ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top