സോമന്‍സ് ടൂർസിന് പിഴയടിച്ച് ഉപഭോക്തൃകോടതി; റഷ്യന്‍ യാത്ര മുടങ്ങിയ ദമ്പതികള്‍ക്ക് അഡ്വാന്‍സ് തിരികെ നൽകണം, ഒപ്പം നഷ്ടപരിഹാരവും

കൊച്ചി: പ്രമുഖ ടൂർ ഓപ്പറേറ്റർ കമ്പനി സോമന്‍സ് ലീഷർ ടൂർസിനെതിരെ ഉപഭോക്തൃ തർക്കപരിഹാര കോടതി. മുടങ്ങിപ്പോയ വിദേശയാത്രക്ക് ഈടാക്കിയ തുക തിരികെ നൽകാൻ തയ്യാറാകുന്നില്ല എന്ന പരാതിയിലാണ് കോടതിയുടെ ഇടപെടൽ. പെരുമ്പാവൂരിൽ നിന്നുള്ള ദമ്പതികളുടെ പക്കൽനിന്ന് മുൻകൂർ ഈടാക്കിയ തുക തിരികെ നൽകണം. ഒപ്പം നഷ്ടപരിഹാരവും വിധിച്ചുകൊണ്ടാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

2020 ഫെബ്രുവരി 5നാണ് പെരുമ്പാവൂർ സ്വദേശിയായ ജേക്കബ് ഉമ്മനും ഭാര്യയും റഷ്യന്‍ യാത്രക്കായി സോമന്‍സ് ലിഷർ ടൂർസിനെ സമീപിച്ചത്. മെയ് 25നാണ് യാത്ര തീരുമാനിച്ചത്. 50,000 രൂപ അഡ്വാൻസും നൽകി. എന്നാൽ കോവിഡ് മൂലം യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ യാത്ര റദ്ദാക്കി. ഈ സാഹചര്യത്തിൽ അഡ്വാൻസ് തുക തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കമ്പനിയെ സമീപിച്ചു. എന്നാല്‍ മറ്റൊരു യാത്ര അനുവദിക്കാമെന്നും തുക തിരിച്ചു നൽകാൻ കഴിയില്ല എന്നുമായിരുന്നു മറുപടി. തുടര്‍ന്നാണ് ദമ്പതികള്‍ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

വലിയ തുക കൊടുത്ത് വിദേശത്ത് ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്തിരുന്നു. ആ തുക തിരികെ ലഭിക്കുന്നതല്ല. അതിനാൽ പരാതിക്കാർക്ക് തുക തിരികെ നൽകാൻ കഴിയില്ല എന്നായിരുന്നു സോമന്‍സ് ടൂർസിൻ്റെ വാദം. എന്നാൽ ഇങ്ങനെ തുക ചിലവാക്കിയെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇത് കണക്കിലെടുത്താണ് പരാതിക്കാർക്ക് അനുകൂലമായി ഡി.ബി.ബിനു അധ്യക്ഷനായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടത്. അഡ്വാൻസ് തുകയായി ഈടാക്കിയ 50,000 രൂപയും, കോടതി ചിലവായി 15,000 രൂപയും 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകാനാണ് നിർദേശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top