കുവൈറ്റ് എയര്‍വേയ്‌സിന് 10 ലക്ഷം പിഴയടിച്ച് ഉപഭോക്തൃ കോടതി; മലപ്പുറത്തെ ഡോക്ടർ ദമ്പതികൾക്കുള്ള സേവനത്തിൽ വൻവീഴ്ച!!

വിമാനയാത്രക്കാരായ ദമ്പതികള്‍ക്ക് കൃത്യമായ സേവനവും യാത്രാ സൗകര്യങ്ങളും ഭക്ഷണവും നല്‍കാത്തതിന് കുവൈറ്റ് എയര്‍വെയ്‌സ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ബിസിനസ് ക്ലാസ് യാത്രക്കാരായിട്ടും ഭക്ഷണപാനീയങ്ങള്‍ പോലും നല്‍കാതിരുന്നത് കോടതി വളരെ ഗൗരവമായിട്ടാണ് കണ്ടത്. ഡോക്ടര്‍ ദമ്പതികള്‍ നല്‍കിയ പരാതിയിലാണ് വിധി പുറപ്പെടുവിച്ചത്.

മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഡോ എന്‍എം മുജീബ് റഹ്‌മാനും ഭാര്യ ഡോ സിഎം ഷക്കീലയും 2023 നവംബറില്‍ കൊച്ചിയില്‍ നിന്ന് ബാര്‍സിലോണയിലേക്ക് പോകാനും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഡിസംബര്‍ മാസം പത്താം തീയതി മാഡ്രിഡില്‍ നിന്ന് തിരിച്ച് കുവൈറ്റില്‍ സ്റ്റോപ്പോവര്‍ ഉള്ള വിമാനത്തിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കുവൈറ്റില്‍ നിന്ന് തിരിച്ച് പതിനൊന്നാം തീയതി കൊച്ചിയില്‍ എത്തും വിധത്തിലായിരുന്നു ടിക്കറ്റ്. എന്നാല്‍ മാഡ്രിഡില്‍ നിന്ന് പുറപ്പെട്ടത് തന്നെ വളരെ വൈകിയായിരുന്നു. മോശം കാലാവസ്ഥ മൂലം കുവൈറ്റിന് പകരം വിമാനം ദോഹയിലിറക്കേണ്ടി വന്നു.

ബിസിനസ് ക്ലാസ് യാത്രക്കാരായിട്ടും ദോഹ എയര്‍പോര്‍ട്ടിലെ ബിസിനസ് ലോഞ്ച് ഉപയോഗിക്കാന്‍ അനുവദിച്ചില്ല, ഇതിനും പുറമെ ഭക്ഷണവും പാനീയങ്ങളും നല്‍കിയില്ല. പകരമായി ഫുഡ് കൂപ്പണ്‍ നല്‍കിയെങ്കിലും വീണ്ടും പണം മുടക്കേണ്ടി വന്നു എന്നാണ് പരാതി. 12 മണിക്കൂറിലധികം ദോഹ വിമാനത്താവളത്തില്‍ കാത്തിരുന്ന ശേഷമാണ് കുവൈറ്റിലേക്ക് പറന്നത്. കുവൈറ്റില്‍ എത്തിയപ്പോഴേക്കും കണക്ഷന്‍ ഫ്‌ളൈറ്റ് കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. മറ്റൊരു വിമാനത്തിലേക്ക് ബോര്‍ഡിംഗ് പാസ് നല്‍കിയെങ്കിലും പാസില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തതുമൂലം വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. അപമാനിതരായി വീണ്ടും എയര്‍പോര്‍ട്ടില്‍ കാത്തിരുന്ന ശേഷം എമിറേറ്റ്‌സ് വിമാനത്തില്‍ ഇവരെ കൊച്ചിയിലേക്ക് കയറ്റിവിട്ടു.

മണിക്കൂറുകളോളം രണ്ട് വിമാനത്താവളങ്ങളില്‍ കാത്ത് കെട്ടികിടന്നതിന് പുറമെ, ഭക്ഷണവും വെള്ളവും നല്‍കാന്‍ വിമാനക്കമ്പനി തയ്യാറായില്ല. അതിലുപരി തെറ്റായ ബോര്‍ഡിംഗ് പാസ് നല്‍കി മറ്റ് യാത്രക്കാരുടെ മുന്നില്‍ വെച്ച് അപമാനിക്കപ്പെടുകയും ചെയ്തു. വിമാനക്കമ്പനിയുടെ നിരുത്തരവാദപരമായ പെരുമാറ്റമായിരുന്നു എന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

വിമാനക്കമ്പനിക്കെതിരെ നോട്ടീസ് അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഈ ഘട്ടത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കുവൈറ്റ് എയര്‍വേയ്‌സ് എഴുതി സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കുന്നതിന് പുറമെ കോടതി ചെലവിനത്തിൽ 10,000 രൂപ നല്‍കാനും വിധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top