കുടിവെള്ള കണക്ഷൻ ഉടനടി പുനസ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് കർശന നിർദേശം; ഉപഭോക്തൃ കോടതിയുടെ അപൂർവ ഇടപെടൽ
ഗർഭിണിയായ സ്ത്രീ അടക്കം താമസിക്കുന്ന വീട്ടിലേക്കുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റിയുടെ നടപടി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ റദ്ദാക്കി. എറണാകുളം കുമ്പളം സ്വദേശി കാട്ടേഴത്ത് മഠം മുരളി കൃഷ്ണമേനോൻ സമർപ്പിച്ച പരാതിയിലാണ് അടിയന്തര ഉത്തരവ്.
22,242 രൂപയായിരുന്നു ബിൽതുക. ഇത് പിഴയോട് കൂടി അടക്കാൻ സെപ്റ്റംബർ മാസം 12 വരെ സമയം ഉണ്ടായിരുന്നു. ഈ വസ്തുത പരിഗണിക്കാതെയാണ് അതിന് ഒരാഴ്ച മുമ്പായി കണക്ഷൻ വിച്ഛേദിച്ചത്. ഉടനടി കണക്ഷൻ പുനസ്ഥാപിച്ച ശേഷം വിശദീകരണം നൽകാൻ വാട്ടർ അതോറിറ്റിക്ക് ഉപഭോക്തൃ കോടതി നോട്ടീസയച്ചു.
ജീവിക്കാനുള്ള അടിസ്ഥാന ആവശ്യമാണ് കുടിവെള്ളം. അത് അന്യായമായി റദ്ദാക്കുന്ന നടപടി അംഗീകരിക്കാവുന്നതല്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കണക്ഷൻ അടിയന്തരമായി പുനസ്ഥാപിക്കാൻ വാട്ടർ അതോറിറ്റി തൃപ്പൂണിത്തുറ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കോടതി നിർദേശിച്ചത്.
അടിയന്തരാവശ്യം എന്ന നിലയിൽ പരിഗണിച്ച് വാട്ടർ അതോറിറ്റിയുടെ വാദം കേൾക്കാതെയാണ് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകിയത്. കേസ് വീണ്ടും ഈമാസം 12ന് പരിഗണിക്കും. അന്യായ നടപടിയുടെ കാരണം അന്ന് ബോധിപ്പിക്കേണ്ടി വരും. പരാതിക്കാരന് വേണ്ടി അഡ്വ.മിഷാൽ എം.ദാസൻ ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here