കെഎസ്ഇബിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി; ബിപിഎല്‍ ഉപഭോക്താവിന് സൗജന്യ വൈദ്യുതി ആനുകൂല്യം നല്‍കാത്തത് അധാര്‍മികം: 30000 രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: ബിപിഎല്‍ ഉപഭോക്താവിന് സൗജന്യ വൈദ്യുതി ആനുകൂല്യം നല്‍കാത്തതിന് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീട്ടിലെ ഉപഭോക്താവിന് സൗജന്യ വൈദ്യുതി ആനുകൂല്യം നല്‍കാത്ത കെഎസ്ഇബിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് കണ്ടെത്തിയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ നടപടി.
ഉപഭോക്താവില്‍ നിന്നും ഈടാക്കിയ ബില്‍ തുകയും 30,000 രൂപ നഷ്ടപരിഹാരവും കെഎസ്ഇബി നല്‍കണം. സൗജന്യ വൈദ്യുതി ആനുകൂല്യം തുടരണമെന്നും ഡിബി ബിനു അദ്ധ്യക്ഷനും, വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബഞ്ച് ഉത്തരവിട്ടു. എറണാകുളം പുത്തന്‍വേലിക്കര സ്വദേശി നിഷാദ് ശോഭനന്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പ്രതിമാസ വൈദ്യുതി ഉപഭോഗം 30 യൂണിറ്റില്‍ താഴെയാണെങ്കില്‍ ബിപിഎല്ലുകാര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കണമെന്ന ഉത്തരവ് നടപ്പാക്കുന്നില്ല എന്നായിരുന്നു പരാതി.
2012ലെ കെഎസ്ഇബിയുടെ ഉത്തരവുപ്രകാരം ഇളവ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്നും പരാതിക്കാരന്റെ മാതാവായ പികെ ഓമനയാണ് യഥാര്‍ത്ഥ വൈദ്യുതി ഉപഭോക്താവ് എന്നും കെഎസ്ഇബി വാദിച്ചു. അതിനാല്‍ ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ ഈ പരാതി വരുന്നില്ല എന്നും കോടതിയില്‍ ബോധിപ്പിച്ചു. 2018ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നതാണ്. 2022 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മീറ്റര്‍ റീഡിങ് പ്രകാരം വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ അറിയിച്ചു.
തുടര്‍ന്നാണ് കെഎസ്ഇബി മാനദണ്ഡ പ്രകാരം സൗജന്യ വൈദ്യുതി ലഭിക്കാന്‍ പരാതിക്കാരന് അവകാശമുണ്ടെന്ന് ഉപഭോക്തൃ കോടതി വിധിച്ചത്. 2018ലെ വെള്ളപ്പൊക്കത്തില്‍ വാസയോഗ്യമല്ലാതെ വീട്ടിലെ വൈദ്യുതി ചാര്‍ജിന് ഇളവ് ലഭിക്കാന്‍ അവകാശമുണ്ട്. അതിന് ബിപിഎല്‍ എന്ന പരിഗണന ആവശ്യമില്ല. പ്രകൃതിദുരന്തത്തില്‍ ഇരകളായ ബിപിഎല്‍ കുടുംബത്തോട് സഹാനുഭൂതി കാണിക്കേണ്ട പൊതുമേഖലാ സ്ഥാപനത്തിന്റെ നിലപാട് തികച്ചും നിരുത്തരവാദപരമാണെന്നും കമ്മീഷന്‍ വിലയിരുത്തി.
ഇല്ലാത്ത മാനദണ്ഡത്തിന്റെ മറവില്‍ ആനുകൂല്യം നിഷേധിച്ചത് അധാര്‍മികമായ വ്യാപാര രീതിയുമാണ്. പരാതിക്കാരനില്‍ നിന്നും നിയമവിരുദ്ധമായി വൈദ്യുതി ബോര്‍ഡ് ഈടാക്കിയ വൈദ്യുതി ബില്‍ തുക തിരിച്ച് നല്‍കണം 20,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചിലവും 45 ദിവസത്തിനകം നല്‍കാനും ഉത്തരവിട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here