വാഗ്ദാനംചെയ്ത ഉപകരണം നിർമിച്ചതിൽ വീഴ്ച വരുത്തിയ കമ്പനി 4 ലക്ഷം നഷ്ടപരിഹാരം നൽകണം; നിർണായക ഇടപെടലുമായി ഉപഭോക്തൃ കോടതി
കൊച്ചി: സംരംഭകന് വാഗ്ദാനംചെയ്ത പ്രകാരം നിർദിഷ്ട സവിശേഷതകൾ ഇല്ലാത്ത ഉപകരണം നിർമിച്ച് നൽകിയ കമ്പനി 4,19,190 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. പെരുമ്പാവൂർ സ്വദേശി കെജി.രാജൻ്റെ പരാതിയിലാണ് ഡി.ബി.ബിനു അധ്യക്ഷനായ കോടതിയാണ് ഉത്തരവിട്ടത്.
ചെറുകിട വ്യവസായിയായ പരാതിക്കാരൻ സ്വയം തൊഴിലിനായാണ് ‘ഷീറ്റ് സെപ്പറേറ്റർ മെഷീൻ’ വാങ്ങിയത്. ചെന്നൈയിൽ പ്രവർത്തിക്കുന്ന ജെ.സി. മെഷീനറി എന്ന സ്ഥാപനമാണ് സപ്ലൈ ചെയ്തത്. എസ്റ്റിമേറ്റിൽ അവകാശപ്പെട്ട പ്രകാരമുള്ള സവിശേഷതകൾ ഉപകരണത്തിന് ഇല്ലെന്ന് പരാതിക്കാരൻ തിരിച്ചറിഞ്ഞു. ഇക്കാര്യം എതിർകക്ഷിയെ അറിയിച്ചപ്പോൾ ഉപകരണം തിരിച്ചെടുക്കാമെന്ന് രേഖാമൂലം ഉറപ്പു നൽകിയെങ്കിലും പിന്നീട് നടപടി ഒന്നുമുണ്ടായില്ല. തുടർന്ന് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിട്ടും പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
“ഉല്പന്ന ബാധ്യത(Product liability)പുതിയ ഉപഭോക്ത സംരക്ഷണം നിയമത്തിന്റെ സുപ്രധാനമായ സവിശേഷതയാണ്. വാങ്ങുന്നയാൾ സൂക്ഷിക്കുക (Buyer beware) എന്ന പരമ്പരാഗത ആശയത്തിന് പകരം, വിൽക്കുന്നയാൾ സൂക്ഷിക്കുക(seller beware) എന്നതിലേക്കുള്ള മാറ്റം ഉപഭോക്തൃ അവകാശ സംരക്ഷണരംഗത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. വാഗ്ദാനത്തിന് വിരുദ്ധമായി ഉൽപ്പന്നത്തിൽ വ്യതിയാനം വരുത്തിയതിൽ നിർമ്മാതാവിന് ബാധ്യതയുണ്ട് ” കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
നഷ്ടപരിഹാരത്തുക ഒൻപത് ശതമാനം പലിശ സഹിതം ഒരു മാസത്തിനകം ഉപഭോക്താവിന് നൽകണം. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here