തപാലിൽ നോട്ടീസ് കൈപ്പറ്റാത്ത ഓൺലൈൻ ഷോപ്പുകൾക്ക് വാട്സാപ്പിൽ അയക്കാം; നിർണായകനീക്കം ഉപഭോക്തൃ കോടതിയിൽ നിന്ന്

നിയമനടപടികളിൽ നിന്നൊഴിവാകാൻ ബോധപൂർവം നോട്ടീസുകൾ കൈപ്പറ്റാത്ത എതിർകക്ഷികൾക്ക് വാട്സാപ്പിൽ നോട്ടീസ് എത്തിക്കാമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. ഓൺലൈൻ വ്യാപാരസ്ഥാപനവുമായി നടത്തിയ ഇടപാടിൽ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി കോടതിയെ സമീപിച്ച തൃശ്ശൂർ സ്വദേശി അലീന നെൽസൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. ഇത്തരം കമ്പനികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയെന്ന വലിയ കടമ്പ മറികടക്കാൻ വാട്സാപ്പ് അടക്കം സാധ്യമായ എല്ലാ ഇലക്ട്രോണിക് മാർഗങ്ങളും ഉപയോഗിക്കാമെന്നും ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ ബ്രാഞ്ചിലെ അസിസ്റ്റൻറ് ലീഗൽ മാനേജറായ പരാതിക്കാരി എറണാകുളത്തെ സുഹ്റിയാ ബ്യൂട്ടിക് എന്ന സ്ഥാപനത്തിൻ്റെ ഉടമ അംജോമോൾ ജോസിനെതിരെ ആണ് കോടതിയെ സമീപിച്ചത്. സ്ഥാപനത്തിൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുർത്തയ്ക്കും ദുപ്പട്ടയ്ക്കും ഓർഡർ കൊടുത്തത്. 1400 രൂപ ഗൂഗിൾ പേ വഴിയാണ് പരാതിക്കാരി നൽകിയത്. എന്നാൽ ഓർഡർ പ്രകാരം ഉൽപ്പന്നം കിട്ടിയില്ല. പിന്നീട് എതിർകക്ഷിയുമായി ബന്ധപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചിട്ടും സാധിച്ചില്ല. നേരിട്ട് ചെന്ന് പരാതി പരിഹരിക്കാനുള്ള ശ്രമവും വിഫലമായി. തുടർന്നാണ് ഉപഭോക്തൃ കോടതിയിൽ പരാതി സമർപ്പിച്ചത്.

കോടതി എതിർകക്ഷിക്ക് അയച്ച നോട്ടീസും ‘അങ്ങനെ ഒരാൾ ഇല്ല’ എന്ന് രേഖപ്പെടുത്തി തപാൽ വകുപ്പ് മടക്കി. ഈ സാഹചര്യത്തിലാണ് വാട്സാപ്പ് മുഖേന എതിർകക്ഷിക്ക് കോടതി നോട്ടീസ് അയക്കാൻ അനുവദിക്കണമെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടത്. കോടതിയുടെ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലും പലവിധ ന്യായവാദങ്ങളുമായി എതിർകക്ഷി വാട്സാപ്പിൽ ബന്ധപ്പെടുന്നുണ്ടെന്ന് പരാതിക്കാരി ബോധിപ്പിച്ചു. ഈ വാട്സാപ്പ് നമ്പറിലേക്ക് നോട്ടീസ് അയക്കാനാണ് ഉപഭോക്തൃ കോടതി അനുമതി നൽകിയത്. ഒരാഴ്ചക്കകം ഇത് നടപ്പാക്കി തെളിവ് സഹിതം വിവരം ബോധിപ്പിക്കാൻ കോടതി നിർദേശിച്ചു.

രജിസ്റ്റേഡ് തപാൽ, കൊറിയർ, പത്രപരസ്യം നോട്ടീസ് പതിച്ച് നടത്തൽ തുടങ്ങിയ പരമ്പരാഗതമായ മാർഗ്ഗങ്ങളെക്കാൾ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ആധുനിക രീതികൾ അവലംബിക്കണമെന്ന് സുപ്രീംകോടതി ഉത്തരവും ഉപഭോക്തൃ കോടതി വിധിന്യായത്തിൽ പരാമർശിച്ചു. കോവിഡ് കാലത്ത് ആധുനികമായ ഇത്തരം ഇലക്ട്രോണിക് രീതികൾ ഉപയോഗിക്കാൻ ഉന്നത കോടതികൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 65ാം വകുപ്പ് പ്രകാരം ഇലക്ട്രോണിക് മാധ്യമം വഴിയും നോട്ടീസ് അയക്കാം എന്ന് നിർദ്ദേശിക്കുന്നുമുണ്ട്. ഏറെ വിശ്വസനീയവും ഫലപ്രദവും എളുപ്പവുമായ ആധുനിക ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാമെന്ന് ഉന്നത കോടതികളുടെ വിധികളും വ്യക്തമാക്കുന്നുണ്ട്.

ചില ഈ -കൊമേഴ്സ് സ്ഥാപനങ്ങൾ അവരുടെ അഡ്രസ് തന്നെ അടിക്കടി മാറ്റുന്നു. ഇതുമൂലം ഉപഭോക്തൃ പരാതികളിൽ കോടതികൾ അയക്കുന്ന നോട്ടീസുകൾ ‘ആളില്ല’ എന്ന കാണിച്ച് മടങ്ങുന്നതിനാൽ കേസുകൾ അനന്തമായി നീളാനും കാരണമാകുന്നു. ഇതിനെല്ലാം പരിഹാരമായാണ് പുതിയ ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. എഐ സംവിധാനങ്ങളുടെ യുഗത്തിൽ വാട്സ്ആപ്പ്, ഇമെയിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കാലതാമസവും പണച്ചെലവും ഇല്ലാതെ ഉപഭോക്താക്കൾക്ക് നീതി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സാധാരണക്കാർക്ക് നീതി നടപ്പാക്കുന്നതിൽ നിന്ന് ഉപഭോക്തൃ കോടതികളെ തടസ്സപ്പെടുത്താൻ നടപടിക്രമങ്ങളുടെ സങ്കീർണതകളെ പരിചയാക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

പരാതിക്കാരിക്കുവേണ്ടി അഡ്വ.അഞ്ജലി അനിൽ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top