ഉപഭോക്തൃ കോടതികളുടെ ഉത്തരവ് മലയാളത്തിലും; നടപടി സാധാരണക്കാർക്ക് വിധിന്യായം മനസിലാകാന്‍

കൊച്ചി: സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക പരിഹാര കോടതികളുടെ ഉത്തരവുകൾ കഴിയുന്നത്ര മലയാളത്തിൽ പുറപ്പെടുവിക്കാൻ നിർദേശം. സാധാരണക്കാരായ പരാതിക്കാർക്ക് വിധിന്യായം മനസിലാകാനാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ പുതിയ നടപടി. നിലവിൽ സംസ്ഥാനത്തെ കോടതികളിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരവ് പുറപ്പെടുവിക്കാമെന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്.

രണ്ടു വർഷം മുൻപ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ആദ്യമായി മലയാളത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളത്തില്‍ നൽകിയ പരാതിയ്ക്കാണ് ഇത്തരത്തിൽ ഉത്തരവ് നൽകിയത്. സാധാരണക്കാർക്ക് വക്കീലിന്റെ സഹായമില്ലാതെ ഉപഭോക്തൃ കോടതിയെ സമീപിക്കാൻ കഴിയുമെങ്കിലും വിധിന്യായം ഇംഗ്ലീഷിൽ ആകുമ്പോൾ അത് മനസിലാക്കാൻ മാത്രമായി വക്കീലിന്റെ ആവശ്യം വന്നേക്കാം. ഈ സാഹചര്യം ഒഴിവാക്കി സാധാരണക്കാർക്ക് വിധികൾ സ്വയം മനസിലാക്കാൻ പുതിയ നടപടി സഹായകമാകുമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ചെയർമാൻ ഡി.കെ.ബിനു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ‘ഉത്തരവുകൾ മലയാളത്തിൽ ഇറക്കുന്നതിന് പരിമിതികളുണ്ട്.അതിന് ആവശ്യമായ സംവിധാനങ്ങൾ ക്രമീകരിക്കണം. മലയാളം ടൈപ്പിംഗ് അറിയാവുന്നവരുടെ കുറവ്, കോടതി ഭാഷയുടെ കൃത്യമായി മലയാളം വാക്കുകൾ ഇല്ലാത്തത് എന്നിങ്ങനെയുള്ള ന്യൂനതകൾ പരിഹരിക്കേണ്ടതുണ്ട്’; അദ്ദേഹം പറഞ്ഞു.

കോടതി ഭാഷ പൂർണമായും മലയാളമാക്കുന്നതിന് പല കടമ്പകൾ കടക്കേണ്ടതുള്ളതിനാൽ, ആദ്യഘട്ടമെന്ന നിലയിലാണ് ആളുകൾ കൂടുതൽ സമീപിക്കുന്ന ഉപഭോക്തൃ കോടതികളിൽ മലയാളഭാഷ ഉപയോഗിക്കാനുള്ള ശ്രമമെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു. ഉപഭോക്തൃ കോടതികളിൽ വരുന്ന കേസുകളിൽ പലതിലും എതിർകക്ഷികൾ കേരളത്തിന് പുറത്തുള്ളവരായിരിക്കും. ഉത്തരവുകൾ അവർക്ക് മനസ്സിലാകണമെങ്കിൽ ഇംഗ്ലീഷിൽ നൽകണം. അതുകൊണ്ടാണ് പറ്റുന്ന കേസുകളിൽ മലയാളത്തിൽ നൽകാൻ കമ്മിഷൻ നിർദേശം നൽകിയത്. കുടുംബ കോടതികളിലും മലയാളം ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ഹൈക്കോടതിയും മലയാളത്തിൽ ഉത്തരവുകൾ പുറപ്പെടുവിച്ചു തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top