ഭക്ഷ്യ വിഷബാധ; ബേക്കറി ഉടമ അരലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കൊച്ചി : പഫ്സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു ,ഭാര്യ സുജ, മക്കളായ നാഥൻ , നിധി എന്നിവർ സമർപ്പിച്ച പരാതിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനാണ്
ഉത്തരവിറക്കിയത്. 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് മൂവാറ്റുപുഴ സുശീല ബേക്കറി ഉടമ കെ എൻ ഭാസ്കരനോട് കമ്മിഷൻ നിർദേശിച്ചു.

2019 ജനുവരി 26 നാണ് കുടുംബം ബേക്കറിയിൽ നിന്ന് പഫ്സ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ചത് . തുടർന്ന് വയറുവേദന, ചർദ്ദി എന്നിവ അനുഭവപ്പെട്ടു. ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ കഴിച്ചതിലൂടെ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും നഷ്ടപരിഹാരവും കോടതി ചിലവും നൽകണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ വാദം തെറ്റാണെന്ന് ബേക്കറി ഉടമ ഭാസ്കരൻ അറിയിച്ചെങ്കിലും കമ്മിഷൻ അത് പരിഗണിച്ചില്ല. നഷ്ടപരിഹാരമായി 30,000 രൂപയും കേസിൻ്റെ ചിലവ് കണക്കാക്കി 20,000 രൂപയും നല്‍കാനാണ് നിര്‍ദേശം

ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ബേക്കറി ഉടമ ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഹാജരാക്കിയിട്ടില്ലെന്നും ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 3000 രൂപ പിഴ ചുമത്തുകയും ചെയ്തു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഉത്തരവിൽ പറയുന്നു. ഡി.ബി. ബിനു, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top