വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉപഭോക്തൃകോടതി വിധി; നടപടി കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ ഉള്ള വീഴ്ചയെ തുടര്‍ന്ന്

കൊച്ചി: വിധി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. തൃപ്പൂണിത്തുറ എസ്എച്ച്ഒക്കാണ് കോടതി നിർദ്ദേശം നൽകിയത്. എറണാകുളം മരട് സ്വദേശി ഡോ. മറിയാമ്മ അനിൽ കുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടയ്ക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റി 65,000 രൂപ നഷ്ടപരിഹാരം നല്‍കാനും കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തണമെന്നും ഉപഭോക്തൃ കോടതി വിധിച്ചിരുന്നു. വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

2018 മെയ് മാസത്തിലാണ് പരാതിക്കാരി വീടിനായി കുടിവെള്ള കണക്ഷൻ എടുത്തത്. അന്നുമുതൽ ജനുവരി 2019 ബില്‍ തുക നൽകിയിട്ടുണ്ട്. എന്നാൽ വെള്ളം മാത്രം ലഭിച്ചില്ല. ഇത് ചൂണ്ടിക്കാട്ടി വീട്ടമ്മ പല തവണ വാട്ടർ അതോറിറ്റിക്ക് പരാതി നല്‍കി. വെള്ളം ലഭിച്ചില്ലെങ്കിലും യാതൊരുവിധ പരാതി ഉന്നയിക്കില്ലെന്ന് പരാതിക്കാരി തന്നെ എഴുതി നൽകിയിട്ടുണ്ട് എന്നായിരുന്നു വാട്ടർ അതോറിറ്റിയുടെ നിലപാട്.

വാട്ടർ അതോറിറ്റിയുടെ ഡിസ്ട്രിബ്യൂഷൻ ലൈനിന്റെ അവസാന ഭാഗത്ത്‌ വരുന്നതിനാൽ പരാതിക്കാരിയും അയൽക്കാരും ഏറെ ജലദൗർലഭ്യം അനുഭവിക്കുന്നുവെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. ഈ വിശദീകരണം തള്ളിയാണ് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാനും കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും കോടതി വിധിച്ചത്. വിധി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റിക്കെതിരെ കടുത്ത നിലപാട് കോടതി സ്വീകരിച്ചത്. അഡ്വ.ജോർജ് ചെറിയാൻ പരാതിക്കാരിക്കുവേണ്ടി കോടതിയിൽ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top