വിവാഹാർത്ഥികളുടെ ശ്രദ്ധക്ക്; കേരള മാട്രിമോണിക്ക് 25000 പിഴയിട്ട് ഉപഭോക്തൃ കോടതി; വിവാഹവാഗ്ദാനം നൽകി പണം വാങ്ങിയ കമ്പനിക്കെതിരെ ഇനി നടപടിക്ക് വകുപ്പുണ്ട്

വിവാഹം ഉറപ്പായും നടക്കുമെന്ന ആകര്‍ഷകമായ പരസ്യം നല്‍കി രജിസ്‌ട്രേഷന്‍ നടത്തിച്ച കേരള മാട്രിമോണിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. പണം വാങ്ങി രജിസ്‌ട്രേഷന്‍ ചെയ്തിട്ടും വിവാഹം നടക്കാത്ത സാഹചര്യത്തിലാണ് യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തവിട്ടത്.

ചേര്‍ത്തല സ്വദേശിയാണ് എറണാകുളം ആസ്ഥാനമായ കേരള മാട്രിമോണി എന്ന സ്ഥാപനത്തിനെതിരെ പരാതി നല്‍കിയത്. യുവാവ് വിവാഹം കഴിക്കുന്നതിനായി 2018 ഡിസംബറില്‍ സൗജന്യമായി മാട്രിമോണി സൈറ്റില്‍ പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്യ്തിരുന്നു. ഇതിനുപിന്നാലെ വെബ്‌സൈറ്റിന്റെ ഓഫീസില്‍ നിന്നും നിരന്തരം ബന്ധപ്പെടുകയും പണം നല്‍കിയാലെ വധുവിന്റെ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും അറിയിച്ചു. 4500 രൂപ അടച്ചാല്‍ വിവാഹം നടത്തുന്നതിന് എല്ലാ സഹായവും ചെയ്യുമെന്നും ഉറപ്പു നല്‍കി. ഇത് വിശ്വസിച്ച് യുവാവ് പണം അടച്ച് രജിസ്‌ട്രേഷന്‍ എടുത്തു. എന്നാല്‍ പണം നല്‍കിയതിന് ശേഷം ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയായി. ഫോണ്‍ കോളുകള്‍ക്ക് മറുപടിയുണ്ടായില്ല. ഓഫീസില്‍ നേരിട്ട് എത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് യുവാവ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

യുവാവ് പണം അടച്ചത് സമ്മതിച്ച കേരള മാട്രിമോണി വിവാഹം ഉറപ്പു നല്‍കിയിരുന്നില്ലെന്ന് കോടതിയില്‍ നിലപാടെടുത്തു. 3 മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജാണ് പരാതിക്കാരന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടായിരത്തിലെ ഐടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാര്‍ മാത്രമാണ് തങ്ങള്‍ എന്നും കേരള മാട്രിമോണി വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. വിവാഹം നടക്കുമെന്ന തരത്തില്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച ശേഷം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നടപടി അധാര്‍മികവും സേവനം നല്‍കുന്നതിലെ വീഴ്ചയുമാണെന്ന് കോടതി വിലയിരുത്തി.

25000 രൂപ നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം കോടതി ചിലവായി 3000 രൂപയും രജിസ്‌ട്രേഷന്‍ ഇനത്തില്‍ വാങ്ങിയ 4100 രൂപയും തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top