വീണ്ടും നിപ്പ; മൂന്ന് കേന്ദ്ര സംഘങ്ങൾ കോഴിക്കോടെത്തും, തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: കോഴിക്കോട് നാല് പേർക്ക് നിപ്പ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് കോഴിക്കോട് എത്തും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് ഒരു മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ്.
മൂന്ന് കേന്ദ്ര സംഘങ്ങളാണ് ഇന്ന് ജില്ലയിൽ എത്തുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും കോഴിക്കോടെത്തും.
പകർച്ചവ്യാധി പ്രതിരോധ വിദ്ഗ്ധർ ഉൾപ്പെടുന്നതാണ് മൂന്നാമത്തെ സംഘം. ഈ സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
അതിനിടെ, നിപ്പ റിപ്പോർട്ട് ചെയ്ത മേഖലയിൽ ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങൾ കർശനമാക്കി. മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ ഭൂരിഭാഗം വാർഡുകളും കണ്ടൈൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി.
തിരുവനന്തപുരത്തു പനി ബാധിച്ച മെഡിക്കൽ വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ഐസലേഷനിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.
പനിയോടൊപ്പം സംശയകരമായ ലക്ഷണങ്ങൾ കണ്ടതോടെയാണ് പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കിയത്. ശരീരസ്രവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് ആരോഗ്യമന്ത്രി വീണ ജോർജാണ് സംസ്ഥാനത്ത് നിപ്പ അണുബാധ സ്‌ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള ഒമ്പത് വയസുകാരൻ, മാതൃസഹോദരൻ 25 വയസുകാരൻ, കഴിഞ്ഞ ദിവസം മരണമടഞ്ഞ 40 വയസുകാരൻ, ആദ്യം മരണമടഞ്ഞ 47 വയസുകാരൻ എന്നിവർക്കാണ് നിപ സ്‌ഥിരീകരിച്ചത്.
നിപ്പ സ്‌ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ തേടുകയായണെന്ന് മന്ത്രി അറിയിച്ചു. ഏഴ് പേരാണ് ആകെ ചികിൽസയിലുള്ളത്. സംശയം നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി.
മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്ന് ജില്ലയിലെത്തും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും, ഐസിഎംആറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും. പകർച്ചവ്യാധി പ്രതിരോധ വിദഗ്‌ധർ അടങ്ങുന്നതാണ് കോഴിക്കോടെത്തുന്ന മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി ഇവർ യോജിച്ചു പ്രവർത്തിക്കും. അതിനിടെ, കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി.
ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15, മരുതോങ്കര പഞ്ചായത്തിലെ 1,2,3,4,5,12,13,14, തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20, കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10, കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യാപ്പള്ളി പഞ്ചായത്തിലെ 6,7 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളാണ് കണ്ടെയ്‌ൻമെൻറ് സോണിലുള്ളത്. കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരിടവേളയ്ക്കുശേഷം വീണ്ടും കണ്ടയ്ന്മെന്റ് സോൺ പ്ര്യാപിക്കപ്പെട്ടതിന്റെ ആഘാതത്തിലാണ് കുറ്റ്യാടി പ്രദേശം. നിപ്പ കണ്ടെത്തിയതിനെ തുടര്ന്ന് ഏഴ് പഞ്ചായത്തുകളിലെ നാല്പതിലേറെ വാര്ഡുകളിലാണ് ജില്ലാ കലക്റ്ററേറ്റ് കണ്ടെയ്‌ൻമെന്റ് സോണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഴയപോലെ ബാരിക്കേഡുകള് വ്യാപകമല്ലെങ്കിലും അവശ്യസാധനങ്ങൾ ഒഴികെ വില്പ്പനയുള്ള കടകൾ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ സർവീസ് നടത്തുന്നെങ്കിലും യാത്രക്കാര് കുറവാണ്. ഈ പ്രദേശങ്ങളിലൂടെ മറ്റിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ പഴയപോലെ നടക്കുന്നു. ഓഫിസുകളും കടകളും അടഞ്ഞുകിടക്കുന്നതിനാൽ ജനത്തിരക്കു കുറഞ്ഞു. രാവിലെ ജോലി തേടിയെത്തുന്ന ഇതരസംസ്ഥാനക്കാർ പലരും തൊഴിൽ ലഭിക്കാതെ മടങ്ങി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here