റിട്ടേൺ ഫയൽ ചെയ്യാനാകുന്നില്ല; ആദായനികുതി പോർട്ടലിൽ തുടരെ സാങ്കേതിക പ്രശ്നങ്ങൾ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ വെറും നാലുദിവസം മാത്രം ശേഷിക്കേ സാങ്കേതിക തകരാറുകൾ നേരിട്ട് ഇ-ഫയലിംഗ് പോർട്ടൽ. തുടക്കം മുതൽ അവസാനം വരെയുള്ള നടപടിക്രമങ്ങളിൽ പലപ്പോഴും തടസ്സങ്ങൾ നേരിടുന്നുണ്ട്. പാസ്‌വേഡ് മാറ്റാൻ കഴിയാത്ത സാഹചര്യം, ഐടിആർ ഫോമുകളിൽ മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങളിലുള്ള പൊരുത്തക്കേട്, ഇ-വെരിഫിക്കേഷനിലെ ബുദ്ധിമുട്ട് എന്നിങ്ങനെ നീളുന്നു പ്രശ്നങ്ങൾ.
ജൂലൈ 31നകം റിട്ടേൺ നൽകണമെന്ന് ആവശ്യപ്പെട്ട് നികുതി വകുപ്പ് തുടർച്ചയായി മെസേജുകളും ഇ-മെയിലുകളും അയക്കുന്നുണ്ട്. എന്നാൽ പോർട്ടലിൽ ലോഗിൻ ചെയ്യുന്നത് മുതൽ പ്രശ്നങ്ങളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇടക്കുവെച്ച് വെബ്സൈറ്റ് ഹാങ്ങാകുന്നുണ്ട്. ആദായ നികുതി പോർട്ടലിൽ മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങളിലെ പൊരുത്തക്കേടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഫോം 26 എഎസിലും എഐഎസിലും ലഭ്യമായ വിവരങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്നും നികുതി ദായകർ പറഞ്ഞു.
എഐഎസ്, ടിഐഎസ് എന്നിവയിൽ പ്രതികരണം സമർപ്പിക്കുന്നതിനും തടസം നേരിടുന്നുണ്ട്. ചൂണ്ടിക്കാണിച്ചാൽതന്നെ അത് പുതുക്കിവരാൻ കാലതമാസം നേരിടുന്നു. ചിലത് അപ്ഡേറ്റ് ആകുന്നുമില്ല. പാസ് വേർഡ് മാറ്റാൻ കഴിയുന്നില്ല എന്നതാണ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. പലപ്പോഴും ഒടിപികൾ ലഭിക്കുന്നില്ല. അതിനാൽ ഇ-വെരിഫിക്കേഷനിൽ ബുദ്ധമുട്ട് നേരിടുകയാണ്. ഇ-വെരിഫിക്കേഷനുള്ള സമയപരിധി 30 ദിവസമായി കുറച്ചതും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീ അടച്ച് ഡിസംബർ 31നുള്ളിൽ റിട്ടേൺ സമർപ്പിക്കാം. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയും പിഴ ഒടുക്കേണ്ടി വരും. പോർട്ടലിനെപ്പറ്റി പരാതികളുടെ പ്രവാഹം ഉണ്ടായിട്ടും സമയപരിധി നീട്ടി നൽകുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും നൽകിയിട്ടില്ല.
2021 ജൂൺ ഏഴിനാണ് ആദായനികുതി വകുപ്പിൻ്റെ പുതിയ ഇ-ഫയലിംഗ് പോർട്ടലായ www.incometax.gov.in പ്രവർത്തനം ആരംഭിക്കുന്നത്. ഇൻഫോസിസാണ് പോർട്ടൽ സേവനം നൽകുന്നത്. പോർട്ടൽ ആരംഭിച്ചത് മുതൽ നേരിടുന്ന സാങ്കേതിക തകരാറുകളാണ് ഇപ്പോഴും തുടരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here