തൃശൂര്‍ പൂരത്തിന് കുടുക്കിട്ട നാട്ടാന സര്‍ക്കുലര്‍ തിരുത്തുമെന്ന് മന്ത്രി; പിന്‍വാങ്ങല്‍ എതിര്‍പ്പുകള്‍ ശക്തമായതോടെ; പുതുക്കിയ സത്യവാങ്മൂലം തിങ്കളാഴ്ച സമർപ്പിക്കും

തിരുവനന്തപുരം: വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമായതിനാലാണ് തിരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്. അവയുടെ 50 മീറ്റർ ചുറ്റളവിൽ‌ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റര്‍ പുറത്തിറക്കിയ സർക്കുലറിലുള്ളത്.

സര്‍ക്കുലര്‍ പുറത്തുവന്നതോടെ തൃശൂര്‍ പൂരത്തിന് ആനയെ വിട്ടുനല്‍കില്ലെന്ന് ഉടമകള്‍ ശഠിച്ചിരുന്നു. വലിയ എതിര്‍പ്പ് ഈ കാര്യത്തില്‍ ഉയരുകയും ചെയ്തു. പൂരത്തിന് സര്‍ക്കുലര്‍ തടസമാകുമെന്ന് വ്യക്തമായതോടെയാണ് തിരുത്താന്‍ തീരുമാനമായത്.

കോടതി നിർദ്ദേശപ്രകാരം വേഗത്തിൽ തയ്യാറാക്കിയ സത്യവാങ്മൂലമാണ് ഇതെന്നാണ് മന്ത്രിയുടെ പ്രതികരണം. തിങ്കളാഴ്ച കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കും. ആനകളുടെ സംരക്ഷണം ഉറപ്പാക്കും. അതേസമയം പൂരത്തിന് തടസവും സൃഷ്ടിക്കില്ല. കോടതിയെ അടിയന്തര സാഹചര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ആന പരിപാലനം ലക്ഷ്യമിട്ട് കടുത്ത നിര്‍ദേശങ്ങളാണ് വനംവകുപ്പ് സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയത്. “മദപ്പാടുള്ളതോ ഗര്‍ഭിണികളോ, പ്രായാധിക്യം വന്നിട്ടുള്ളതോ അസുഖമുള്ളതോ പരിക്കേറ്റതോ ആയ ആനകളെ ഉത്‌സവാഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുത്. അഞ്ചില്‍ കൂടുതല്‍ ആനകള്‍ എഴുന്നള്ളത്തിന് ഉണ്ടെങ്കില്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള എലിഫന്റ് സ്‌ക്വാഡില്‍ നിന്ന് ആവശ്യാനുസരണം വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം നിര്‍ബന്ധമായും ഉത്സവക്കമ്മിറ്റി ഉറപ്പ് വരുത്തേണ്ടതാണ്.”

“എലിഫന്റ് സ്‌ക്വാഡുകളിലെ വെറ്റിനറി ഡോക്ടര്‍മാര്‍ ആവശ്യാനുസരണം മരുന്നുകളും മയക്കുവെടി വെക്കുന്നതിനുള്ള ഉപകരണങ്ങളും കരുതണം. ഉത്സവത്തിനുപയോഗിക്കുന്ന ആനകളുടെ പൂര്‍വ്വ ചരിത്രം പരിശോധിച്ച് ആനകള്‍ മുന്‍കാലങ്ങളില്‍ മനുഷ്യന് ജീവഹാനി വരുത്തിയിട്ടുള്ളതോ ഇടഞ്ഞ് മറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുള്ളതോ അല്ലാ എന്ന് ഉത്സവക്കമ്മിറ്റി ഉറപ്പ് വരുത്തേണ്ടതാണ്.” – സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top