വ്യാജരേഖയിൽ ഐഎഎസ് നേടി വിവാദത്തിലായ മുംബൈയിലെ പൂജക്ക് കേരളത്തിൽ മുൻഗാമി; ആസിഫിനെതിരായ നടപടി പക്ഷെ കോടതിവിലക്കിൽ

തലശ്ശേരി സബ് കലക്ടറായിരിക്കെ ആണ് ആസിഫ് കെ.യൂസഫിനെതിരെ പരാതി ഉയർന്നത്. വ്യാജരേഖകൾ ഉപയോഗിച്ചാണ് ഐഎഎസ് നേടിയതെന്ന പരാതിയിൽ പരിശോധന നടത്തിയ കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇദ്ദേഹത്തിൻ്റെ ഐഎഎസ് റദ്ദാക്കാൻ ശുപാർശ ചെയ്തിരുന്നു. വരുമാനം കുറച്ചുകാണിക്കാനായി ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ച് യുപിഎസ്സിക്ക് സമർപ്പിച്ചു എന്നാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പൂജ ഖേദ്കറുടെ കാര്യത്തിലും ഇത് തന്നെയാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി.

കോടികളുടെ സ്വത്തുള്ള പൂജയാണ് വരുമാനം കുറച്ച് കാണിച്ച് സിവിൽ സർവീസിൽ കടന്നുകൂടിയത്. ഇതിന് പുറമെ കാഴ്ചയ്ക്ക് തകരാറുണ്ടെന്ന കൃത്രിമ രേഖകളും ഹാജരാക്കി. പ്രൊബേഷനിലുള്ള പൂജയെ ഈമാസം 23ന് ഐഎഎസ് അക്കാദമിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ്. ഇവർ ഹാജരാക്കിയ രേഖകളെക്കുറിച്ച്‌ അന്വേഷിക്കാൻ കേന്ദ്രം ഏകാംഗ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഇതിനും പുറമെ മഹാരാഷ്ട സർക്കാരും പൂജയുടെ യോഗ്യതാ രേഖകൾ പരിശോധിക്കയാണ്.

എറണാകുളം ജില്ലാ കലക്ടറായിരുന്ന എസ്.സുഹാസ് ആണ് ആസിഫ് കെ.യൂസഫിനെതിരായ പരാതി അന്വേഷിച്ചത്. സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒന്നിൽ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണം എന്നതാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ ഈ മൂന്നുവർഷവും ആസിഫിന്റെ കുടുംബം ഈ പരിധിക്ക് മുകളിലായിരുന്നു. ഇക്കാര്യം തെളിഞ്ഞതോടെയാണ് സർവീസിൽ നിന്ന് പിരിച്ചുവിടാൻ 2020 ജൂലൈയിൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയം തീരുമാനിച്ചത്. വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയ കണയന്നൂർ തഹസിൽദാർമാർക്കെതിരെ നടപടി എടുക്കാനും നിർദേശിച്ചിരുന്നു.

എന്നാൽ ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ച് താൽക്കാലിക സ്റ്റേ നേടിയ ആസിഫ് നിലവിൽ മിൽമ മാനേജിംഗ് ഡയറക്ടറാണ്. 2015ലെ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് 215 ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top