കാഫിര്‍ പ്രയോഗത്തില്‍ ലതികയ്ക്ക് എതിരെ ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി; മതസ്പർധ വളർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപണം

വടകരയിലെ വിവാദമായ കാഫിർ പോസ്റ്റ് വിഷയത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതികയ്ക്കെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ ആണ് പരാതി നൽകിയത്. മതസ്പർധ വളർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ദുൽകിഫിൽ ആണ് പരാതി നൽകിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ.കെ.ലതിക ഷാഫി പറമ്പിലിനെ ഒരു മതത്തിൻറെ ആളായി ചിത്രീകരിച്ചു. ജനങ്ങളുടെ മനസിൽ യുഡിഎഫ് സ്ഥാനാർത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായി. ജനങ്ങൾക്ക് സ്ഥാനാർത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് ലതികയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.
ലതിക മുൻ എംഎൽഎ ആയിരുന്നതിനാലും ഒരുപാട് ആളുകളെ സ്വാധീനിക്കാൻ കഴിവുള്ള വ്യക്തി ആയതിനാലും ഐപിസി 153 എ വകുപ്പും ഇൻഫർമേഷൻ ടെക്നോളജി ആക്ട് 259 എ പ്രകാരവും നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ വലിയ രാഷ്ട്രീയ വിവാദമായിരുന്നു കാഫിര്‍ പോസ്റ്റ്. ഈ വ്യാജ പോസ്റ്റ് ലതികയുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചത് ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം യുഡിഎഫ് ഉയര്‍ത്തിയിരുന്നു. ഇതോടെ ‘കാഫിർ’ പ്രയോഗത്തിന്റെ പോസ്റ്റ് ലതിക ഫെയ്സ്ബുക്കിൽ നിന്നു പിൻവലിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണു സ്ക്രീൻഷോട്ട് പിൻവലിക്കുകയും ഫെയ്സ്ബുക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് വിവാദമായത്. പ്രചാരണവേളയില്‍ യൂത്ത് ലീഗ് നേതാവ് കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്. കാസിം അല്ല പോസ്റ്റ് നിര്‍മിച്ചത് എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് സിപിഎമ്മിനെതിരെ ഷാഫി പറമ്പില്‍ രംഗത്തെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here