‘വിപ്ലവമാകുന്ന’ കമ്യൂണിസ്റ്റുകാരുടെ അന്ത്യയാത്രകൾ; ലോറൻസിൻ്റെ മടക്കവും മാറ്റമില്ലാതെ
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളജിന് പഠന ആവശ്യങ്ങൾക്കായി വിട്ടുനൽകുന്നതിന് എതിരെ മകൾ ആശാ ലോറൻസ് കോടതിയെ സമീപിച്ചതും പിന്നീടുണ്ടായ കോലാഹലങ്ങളും കേരളം മുഴുവൻ തൽസമയം കണ്ടതാണ്. തൻ്റെ അപ്പനെ ക്രൈസ്തവ മതാചാരപ്രകാരം പള്ളിയിൽ അടക്കണമെന്നാണ് ആശയുടെ ആവശ്യം. എന്നാൽ മരിക്കുന്നതിന് മുമ്പ് മറ്റ് രണ്ട് മക്കളേയും പാർട്ടിയേയും എംഎം ലോറൻസ് തൻ്റെ ആഗ്രഹം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ പഠനത്തിന് നൽകിയതെന്നാണ് മൂത്തമകൻ അഡ്വ സജീവനും, മകൾ സുജാതയും കോടതിയെ അറിയിച്ചത്.
മൃതദേഹം മെഡിക്കൽ കോളജിന് നൽകണമെന്ന് പറഞ്ഞിട്ടില്ല എന്നാണ് ആശയുടെ വാദം. പിതാവ് ഇപ്പോഴും ക്രൈസ്തവ സഭാംഗമാണെന്നും മതാചാരപ്രകാരമാണ് അദ്ദേഹത്തിൻ്റെ വിവാഹം നടന്നതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോറൻസിൻ്റെ നാല് മക്കളേയും മാമ്മോദീസ മുക്കിയിരുന്നു, നാല് പേരുടേയും വിവാഹം പള്ളിയിൽ വെച്ചാണ് നടന്നത്. അമ്മയുടെ സംസ്കാരം നടത്തിയത് പള്ളി കല്ലറയിലാണ്. അതു കൊണ്ട് അപ്പനെയും ക്രൈസ്തവ മതാചാര പ്രകാരം സംസ്കരിക്കണം എന്നാണ് ആശ കോടതിയോട് ആവശ്യപ്പെട്ടത്. കേരള അനാട്ടമി നിയമ പ്രകാരം നടപടി കൈക്കൊള്ളാനാണ് കോടതി എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് നിർദ്ദേശിച്ചത്.
ക്രിസ്ത്യാനികളായ കമ്യൂണിസ്റ്റ് നേതാക്കളുടെ അന്ത്യയാത്രയെ ചൊല്ലിയുള്ള വിവാദങ്ങൾ ഇതാദ്യമല്ല. കേരളത്തിലെ തലയെടുപ്പുള്ള കമ്യൂണിസ്റ്റ് നേതാവും മികച്ച ഭരണാധികാരിയെന്നും പേരെടുത്തിട്ടുള്ള വ്യക്തിയാണ് ടിവി തോമസ്. ഇഎംഎസിൻ്റെ ഒന്നും രണ്ടും മന്ത്രിസഭകളിലും അച്യുതമേനോൻ മന്ത്രിസഭയിലും അംഗമായിരുന്നു അദ്ദേഹം. അച്യുതമേനോൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം കാൻസർ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായത്.
രോഗം മൂർഛിച്ച ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ മൂത്ത സഹോദരൻ ചാക്കോ മുൻകൈ എടുത്ത് അന്ത്യകൂദാശ നൽകാൻ ശ്രമിച്ചതിനെക്കുറിച്ച് അദ്ദേഹത്തിൻ്റെ ജീവചരിത്രകാരനായ ടിവികെ എഴുതിയത് ഇങ്ങനെ യാണ് – “കണ്ണീരിൽ കുതിർന്ന അന്ത്യ നിമിഷങ്ങളിൽ സത്യവിശ്വാസിയായ ചേട്ടൻ ചാക്കോ കട്ടിലിനരികെ മുട്ടുകുത്തി ദൈവനാമത്തിൽ പ്രാർത്ഥിച്ചു. എൻ്റെ കുഞ്ഞിന് നല്ല മരണം കൊടുക്കേണമേ… അനിയനെ കുമ്പസാരിപ്പിച്ച് വിശുദ്ധ കുർബാന സ്വീകരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ജേഷ്ഠൻ. അതിന് വേണ്ടി വൈദികരെ ഒരുക്കി നിർത്തിയിരുന്നു. കൂർമ്മബുദ്ധിയായ ഉമ്മാൻ (ടിവി) ഈ സംഗതി എങ്ങനെയോ മനസിലാക്കിയിരുന്നു. ഡോ ആൻ്റണി തിരുമേനിയെ കണ്ടപ്പോൾ അടക്കം പറഞ്ഞു. തിരുമേനി, എനിക്ക് ഈ ലോകത്ത് ആകെയുള്ള ഒരു സഹോദരൻ ഇതാ നിൽക്കുന്നു. അങ്ങേര് വളരെ റിലീജിയസ് ആണ്. ഞാൻ കുമ്പസാരിക്കണം എന്നാണ് പുളളിക്കാരൻ്റെ വാശി. ദയവ് ചെയ്ത് എൻ്റെ മനസിന് വിഷമമുണ്ടാക്കുന്ന രീതിയിൽ ഈ അവസരത്തിൽ ഒന്നും ചെയ്യരുതെന്ന് അങ്ങേരെ ഉപദേശിക്കണം”. (ടിവി തോമസ് ജീവിതകഥ – പേജ് 308) അന്ത്യ കൂദാശകളൊന്നും സ്വീകരിക്കാതെ 1977 മാർച്ച് 26ന് ടിവി അന്തരിച്ചു.
എന്നാൽ സത്യമിതായിരിക്കെ 2015 നവംബറിൽ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ആയിരുന്ന മാർ ജോസഫ് പൗവത്തിൽ സഭാ പ്രസിദ്ധീകരണമായ കുടുംബ ജ്യോതിയിൽ ടിവി തോമസിൻ്റെ അന്ത്യനാളുകളിൽ അദ്ദേഹത്തിന് മാനസാന്തരം വന്നതായി എഴുതിയിരുന്നു. ഇത് പിന്നീട് വൻ വിവാദമായി മാറി. അന്ത്യകൂദാശ സ്വീകരിക്കാൻ ടിവി തോമസിന് കലർപ്പില്ലാത്ത ആഗ്രഹം തെളിഞ്ഞു നിന്നിരുന്നു എന്ന കാര്യത്തിൽ തനിക്ക് തെല്ലും സംശയമില്ല എന്നാണ് പവ്വത്തിൽ ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ടിവി തോമസ് അവസാനകാലത്ത് വിശ്വാസി ആയിരുന്നുവെന്ന് സമർത്ഥിക്കാൻ സഭ പഠിച്ച പണി പതിനെട്ടും പയറ്റി. ടിവി തോമസ് പരിശുദ്ധ മാതാവിൻ്റെ തിരുസ്വരൂപമുള്ള മോതിരം അണിഞ്ഞിരുന്നു എന്ന അവകാശവാദവുമായി ചങ്ങനാശ്ശേരി എസ്.ബി കോളജ് മുൻ പ്രിൻസിപ്പൽ ഫാദർ ഡോ ജോസഫ് വട്ടക്കുളം രംഗത്ത് വന്നിരുന്നു. ദീപിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അവകാശപ്പെട്ടത്. മരിച്ച ശേഷമെങ്കിലും ടിവിയെ ദൈവ വിശ്വാസിയാക്കാൻ സഭ പരമാവധി ശ്രമിച്ചിരുന്നു.
സഭയുടെ അവകാശവാദങ്ങൾക്ക് പിൻബലം നൽകുന്ന മട്ടിൽ പത്രപ്രവർത്തകനായ ടിവിആർ ഷേണായിയും പിന്നീട് രംഗത്ത് വന്നു. ദീർഘകാലം മലയാള മനോരമയുടെ ഡൽഹി ലേഖകനായിരുന്നു ടിവി ആർ ഷേണായി. കമ്യൂണിസ്റ്റ് നേതാവായിരുന്ന ടിവി തോമസ് മരിക്കുന്നതിന് മുമ്പ് ക്രൈസ്തവ ആചാരപ്രകാരമുള്ള അന്ത്യകൂദാശ സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിവരം മുൻ മുഖ്യമന്ത്രി പികെ വാസുദേവൻ നായർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്നാണ് 2015 ഒക്ടോബറിൽ ഷേണായ് ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ടിവി തോമസ് അന്ത്യകൂദാശ സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി പികെവി തന്നോട് നേരിട്ടു പറഞ്ഞിരുന്നു. ടിവിയുടെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇതെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞുവെന്നാണ് ദീപികയിലെ അഭിമുഖത്തിൽ ഷേണായ് വ്യക്തമാക്കിയത്.
കമ്യൂണിസ്റ്റുകാർ അവസാന കാലത്ത് ദൈവവിശ്വാസത്തിലേക്ക് തിരിയുക പതിവാണെന്ന് പറഞ്ഞ് ടിവി തോമസിൻ്റെ കഥ മെത്രാന്മാരും വൈദികരും ധ്യാനഗുരുക്കന്മാരും പ്രസംഗങ്ങളിൽ ആവർത്തിച്ച് പറയാറുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ കഥയാണ് ടിവിയുടെ ആത്മാർത്ഥ സുഹൃത്തും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടികെ വർഗീസ് വൈദ്യൻ്റെ കാര്യത്തിൽ സംഭവിച്ചത്. കുട്ടനാട്ടിലെ കർഷക തൊഴിലാളി നേതാവും പുന്നപ്ര വയലാർ സമര സേനാനിയുമായിരുന്നു വർഗീസ് വൈദ്യൻ. ടിവിയുടെയും വൈദ്യൻ്റേയും ജീവിതകഥ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമയാണ് വേണു നാഗവള്ളി സംവിധാനം ചെയ്ത ലാൽസലാം. മോഹൻലാൽ നെട്ടൂരാനും മുരളി മന്ത്രി ഡികെയുമായി നിറഞ്ഞാടിയ ചിത്രം.
വൈദ്യനും ടിവിയെപ്പോലെ ദൈവ വിശ്വാസി അല്ലായിരുന്നു. സിപിഐയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ വൈദ്യൻ പിന്നീട് എസ്എ ഡാങ്കെ രൂപം കൊടുത്ത ഓൾ ഇന്ത്യ കമ്യൂണിസ്റ്റ് പാർട്ടിയിൽ (AICP) അംഗമായി. അദ്ദേഹം 1989 ഓഗസ്റ്റ് ഒമ്പതിന് അന്തരിച്ചു. പക്ഷേ സിപിഎമ്മിലോ സിപിഐയിലോ അംഗമല്ലാത്ത അദ്ദേഹത്തെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കരിക്കാൻ പാർട്ടികൾ അനുമതി നൽകിയില്ല. പുന്നപ്ര- വയലാർ സമര സേനാനികളായിരുന്ന നേതാക്കളുടെ സംസ്കാരം ഇവിടെയാണ് നടത്തിയിരുന്നത്.
“മരിച്ചു കഴിഞ്ഞപ്പോൾ സത്യത്തിൽ വർഗീസ് വൈദ്യനെ അടക്കേണ്ടത് പുന്നപ്ര- വയലാർ ശ്മശാനത്തിലാണ്. എന്നാൽ ഡാങ്കെ ലൈൻ എടുത്തു മാറിനിന്നിരുന്നതിനാൽ സിപിഐയിലുമല്ല, സിപിഎമ്മിലുമല്ല എന്ന സ്ഥിതിയായിരുന്നു. അതുകൊണ്ട് അവിടെ അടക്കണോ വേണ്ടയോ എന്ന് വിളിച്ചു ചോദിച്ചപ്പോൾ ഞങ്ങൾക്കൊന്ന് ചർച്ച ചെയ്യണം എന്ന് പറഞ്ഞത് ഉൾക്കൊള്ളാനായില്ല. കാത്തു നിൽക്കാനുള്ള സമയമില്ല. വൈദ്യൻ പള്ളിയിൽ പോകാത്ത ആളാണ്. പള്ളി പണിയാനും മറ്റുമുള്ള കാര്യങ്ങളിലും അവരുമായി സഹകരിക്കാറുള്ളതു കൊണ്ട് സഭയുമായി നല്ല ബന്ധമുണ്ട്.
തേവലക്കരയിൽ കുടുംബ പള്ളിയുണ്ട്. വൈദ്യന്മാരുടെ കുടുംബ പള്ളി. വൈദ്യനെ തേവലക്കര യാക്കോബായ പള്ളിയിൽ അടക്കി. ചരിത്രത്തിൻ്റെ രേഖകളിൽ സ്വന്തം ശരികളിൽ ഒറ്റയ്ക്കു നടന്നു പോയ ഒരു ഒറ്റയാൻ കമ്യൂണിസ്റ്റുകാരനായി വർഗീസ് വൈദ്യൻ അവിടെ അന്ത്യവിശ്രമം കൊള്ളുന്നു” – ഇങ്ങനെയാണ് അദ്ദേഹത്തിൻ്റെ മകൻ ചെറിയാൻ കല്പകവാടി എഴുതിയ വർഗീസ് വൈദ്യൻ്റെ ആത്മകഥയിൽ പറയുന്നത്. (വർഗീസ് വൈദ്യൻ്റെ ആത്മകഥ, പേജ് 95)
സിപിഎം നേതാവും തിരുവമ്പാടി എംഎൽഎയുമായിരുന്ന മത്തായി ചാക്കോ 2006ൽ കാൻസർ ബാധിതനായി എറണാകുളം ലേക് ഷോർ ആശുപത്രിയിൽ വെച്ച് സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന് താമരശ്ശേരി ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി പ്രസംഗിച്ചിരുന്നു. ഇതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മത്തായി ചാക്കോയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കടുത്ത ഭാഷയിൽ മറുപടി നൽകി. ഈ പ്രസംഗത്തിലാണ് വിവാദമായ ‘നികൃഷ്ടജീവി’ പ്രയോഗം പിണറായി നടത്തിയത്.
“മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചു എന്ന് തിരുവമ്പാടിയിൽ പ്രസംഗിച്ചയാളെ നികൃഷ്ട ജീവിയായി കണക്കാക്കണം. ഇതിനൊക്കെ പറയാനുള്ള മറുപടി എൻ്റെ നാക്കിൽ വരുന്നുണ്ട്. പക്ഷേ ഞാനിതിപ്പോൾ പറയുന്നില്ല. നിങ്ങളത് ആലോചിച്ചാൽ മതി. സാധാരണ അൽപ്പാപ്പം കഴിച്ചാൽ ആണല്ലോ സുബോധം നഷ്ടപ്പെടുക. ഇത് പറഞ്ഞ ആൾക്ക് അത് ഉണ്ടാകുമോ എന്നറിയില്ല. കള്ളം പറയാൻ പാടില്ല എന്ന് നാമെല്ലാം കരുതുന്ന ഒരു മാന്യൻ വന്ന് യുഡിഎഫിനു വേണ്ടി വിളിച്ചു പറയുന്നു എങ്കിൽ അദ്ദേഹത്തെ എത്രമാത്രം നികൃഷ്ടജീവിയായി കണക്കാക്കണം എന്ന് ആലോചിക്കണം. കമ്യൂണിസ്റ്റ് വിരുദ്ധത ബാധിച്ചാൽ എന്തുമാകാമെന്നോ” ഇങ്ങനെയായിരുന്നു പിണറായിയുടെ വാക്കുകൾ.
ഈ പ്രസംഗത്തിനെതിരെ സഭാ വ്യത്യാസമില്ലാതെ ബിഷപ്പുമാരും വിശ്വാസികളും ഒപ്പം കോൺഗ്രസുകാരും പ്രതിഷേധിച്ചു. നികൃഷ്ടജീവി പ്രയോഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിണറായി കുലുങ്ങിയില്ല. അവസാന നിമിഷം വരെ കമ്യൂണിസ്റ്റ് ജീവിതം നയിച്ച സഖാവിനെ മരണശേഷവും അപമാനിക്കാൻ ശ്രമിച്ചാൽ എത്ര ഉന്നതനായാലും മറുപടി നൽകുമെന്നാണ് പിണറായി പ്രതികരിച്ചത്. ദിവസങ്ങളോളം സഭയും പിണറായിയും തമ്മിൽ ഈ വിഷയത്തിൻ്റെ പേരിൽ ഏറ്റുമുട്ടൽ തുടർന്നു.
മത്തായി ചാക്കോ ക്രൈസ്തവ ആചാര പ്രകാരം കല്യാണം കഴിച്ചതിൻ്റെ രേഖകൾ സഭ പുറത്തുവിട്ടു. ഒപ്പം മകനെ മാമ്മോദീസ മുക്കിയതിൻ്റേയും രേഖ മാധ്യമങ്ങൾക്ക് നല്കി സഭ ആഘോഷിച്ചു. മത്തായി ചാക്കോ ഉത്തമ വിശ്വാസി ആയിരുന്നുവെന്ന് സ്ഥാപിക്കാൻ എല്ലാ അടവുകളും പയറ്റി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നതോടെ പിണറായി സഭാ നേതൃത്വവുമായി രമ്യതയിലെത്തി. തനിക്ക് പിണറായിയോട് ഒരു പരിഭവവുമില്ലെന്ന് ബിഷപ്പ് പോൾ ചിറ്റിലപ്പളളിയും പറഞ്ഞതോടെ അന്ത്യകൂദാശാ വിവാദത്തിന് വിരാമമായി.
വിശ്വാസികളും അവിശ്വാസികളും തമ്മിൽ ഇടക്കിടെ ഏറ്റുമുട്ടുന്നത് കേരളത്തിൽ പതിവാണ്. രണ്ട് കൂട്ടരുടേയും നിലനിൽപ്പിൻ്റേയും ഒപ്പം നിലപാടിൻ്റേയും പ്രശ്നമായി ഇതിനെ കാണാം. പക്ഷേ ഇതൊന്നും ആശയപരമാണെന്ന് പറയാൻ കഴിയാത്തത് ഇവയുടെയെല്ലാം അവസാനത്തിൽ ഉണ്ടാകുന്ന ഒത്തുതീർപ്പുകളും അവയുടെ സാഹചര്യവും മനസിലാക്കുമ്പോഴാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here