‘സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം എത്ര പവന്‍’; ചോദ്യം ഉന്നയിച്ച് കോൺഗ്രസ് കൗൺസിലർ; നിജസ്ഥിതി പരിശോധിക്കണമെന്ന് ഇടവക

തൃശൂര്‍: സുരേഷ് ഗോപി ലൂർദ് പള്ളിയിലെ മാതാവിന് സമര്‍പ്പിച്ച സ്വര്‍ണക്കിരീടം ചെമ്പാണെന്ന ആക്ഷേപം പുകയവേ നിജസ്ഥിതി പരിശോധിക്കണമെന്ന് ഇടവകയിലും ആവശ്യം. കിരീടത്തില്‍ എത്ര ഗ്രാം സ്വര്‍ണമുണ്ടെന്ന് അറിയണമെന്ന ആവശ്യം ഇടവകയോഗത്തില്‍ തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ ലീല വര്‍ഗീസാണ് ഉന്നയിച്ചത്. 565 ഗ്രാം തൂക്കമുള്ള കിരീടത്തില്‍ മൂന്ന് ഗ്രാം മാത്രമാണ് സ്വര്‍ണ്ണമെന്നാണ് പള്ളി കമ്മിറ്റിയുടെ കണ്ടെത്തല്‍. ഇടവകാംഗങ്ങളുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ്‌ കൗൺസിലർ ഇടവക പ്രതിനിധി യോഗത്തില്‍ ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ കൗൺസിലറിനെയും ഇടവക വികാരി ഡേവിസ് പുലിക്കോട്ടിലിനെയും മാധ്യമ സിന്‍ഡിക്കറ്റ്‌ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.

ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ ദേവലായത്തിൽ മാതാവിന് സ്വർണ കിരീടം സമര്‍പ്പിച്ചത്. തിരുനാളിന് പള്ളി സന്ദര്‍ശിച്ചശേഷം സ്വര്‍ണ കിരീടം നല്‍കാനുള്ള ആഗ്രഹം പള്ളി വികാരിയെ അറിയിച്ചു. വികാരിയും ട്രസ്റ്റി അംഗങ്ങളും സമ്മതം മൂളിയതോടെ കിരീടം പണിയിപ്പിച്ച് നല്‍കുകയായിരുന്നു. ഏകദേശം അഞ്ച് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് കിരീടം പണിതതെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. മകളുടെ വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് കുടുംബസമേതം പള്ളിയില്‍ ചെന്നാണ് കിരീടം നല്‍കിയത്.

കിരീടം സമര്‍പ്പിച്ചതിന് തൊട്ടു പിന്നാലെ അത് നിലത്ത് വീണതും വാര്‍ത്തയായി. ഇതിനു പിന്നാലെയാണ് നല്‍കിയത് ചെമ്പാണെന്ന ആരോപണവും ഉയര്‍ന്നത്. കൊല്ലം സ്വദേശിയായ സ്വര്‍ണപണിക്കാരന് കുറച്ച് സ്വര്‍ണം നല്‍കി കിരീടം പണിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണിതുകഴിഞ്ഞ് ബാക്കിയുള്ള സ്വര്‍ണം തിരികെ നല്‍കണമെന്ന് താരം ആവശ്യപ്പെട്ടതായാണ് നിര്‍മിച്ചയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. രണ്ടാഴ്ച കൊണ്ട് കിരീടം പണിതതായാണ് പറയുന്നത്.

കൊല്ലം സ്വദേശിയും തിരുവനന്തപുരത്ത് സ്ഥിരതാമസവുമായ സുരേഷ് ഗോപി എന്തിനാണ് തൃശൂരിലെ പള്ളിയില്‍ കിരീടം സമര്‍പ്പിക്കുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ തൃശൂരിലെ ക്രൈസ്തവ വോട്ടുകള്‍ പിടിക്കാനുള്ള തന്ത്രമാണ് സുരേഷ് ഗോപി പയറ്റുന്നത് എന്ന ആക്ഷേപവുമുണ്ട്. തൃശൂരില്‍ ബിജെപി ലോക്സഭാ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top