കോണ്‍ഗ്രസുകാരേ, നിങ്ങള്‍ എങ്ങനെ നന്നാവും? അച്ചടക്ക മരുന്ന് കഞ്ഞി അറബിക്കടലില്‍; കൊലക്കേസ് പ്രതി അഫാനെച്ചൊല്ലി കലാപം

‘ഉണ്ടിരുന്ന നായര്‍ക്ക് ഒരുള്‍വിളി’ ഉണ്ടായി എന്ന് പറഞ്ഞതുപോലെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റ അവസ്ഥ. വേണ്ടാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കി പാര്‍ട്ടിയെ നാറ്റിക്കുക എന്ന പണി വളരെ കൃത്യമായ ഇടവേളകളില്‍ നടപ്പിലാക്കുക എന്ന ജോലിയാണ് മൂത്ത കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചെയ്തു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ വെഞ്ഞാറംമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനുവേണ്ടി കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ ഹാജരാകുന്നതിനെ ചൊല്ലിയാണ് പുതിയ പുകില്‍.

ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാണ് കഴിഞ്ഞ ദിവസം പ്രതിക്കു വേണ്ടി നെടുമങ്ങാട് കോടതിയില്‍ ഹാജരായത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സെയ്താലി കൈപ്പാടി കെപിസിസി പ്രസിഡന്റിന് കത്തയച്ചു. പാര്‍ട്ടി പ്രസിഡന്റിന് അയച്ച കത്തെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്നതല്ലാതെ അച്ചടക്കം പാലിക്കാന്‍ ആരും തയ്യാറല്ല എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

‘വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിക്ക് വേണ്ടി ആര്യനാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ഉവൈസ് ഖാന്‍ ഹാജരായ നടപടി. പാര്‍ട്ടിക്ക് തീരാകളങ്കമാണ് ഉണ്ടായത്’ എന്നായിരുന്നു സെയ്താലിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരാളും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണ് ബ്ലോക്ക് പ്രസിഡണ്ട് സ്വീകരിച്ചത്. പാര്‍ട്ടി അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കിയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ ഉവൈസ് ഖാന്‍ വക്കാലത്ത് ഒഴിഞ്ഞു. അഫാന് അഭിഭാഷകന്‍ ഇല്ലാത്തതിനാല്‍ ജില്ലാ ജഡ്ജി ചെയര്‍മാനായ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദേശിച്ചത് അനുസരിച്ചാണ് താന്‍ ഹാജരായത് എന്നാണ് ഉവൈസ് ഖാന്റെ നിലപാട്. അഭിഭാഷകരില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി തന്നെ അഭിഭാഷകരെ നല്‍കാറുണ്ട്. നാടിനെയാകെ നടുക്കിയ സംഭവത്തില്‍ പൊതുപ്രവര്‍ത്തകനായ ഉവൈസ്ഖാന്‍ ഹാജരായത് തെറ്റായിപ്പോയി എന്നാണ് ഒരു പറ്റം കോണ്‍ഗ്രസുകാരുടെ നിലപാട്.

2011 -ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് ദേശീയ വക്താവായ മനു അഭിഷേക് സിംഗ്‌വി സ്വകാര്യ ലോട്ടറി വ്യാപാരിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ ലോട്ടറി വ്യവസായികളുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വലിയ സമരങ്ങള്‍ നടത്തിയിരുന്നു. പാര്‍ട്ടി എതിര്‍ത്ത വിഷയത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യവസായികള്‍ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവ് സിംഗ്‌വി ഹാജരായതില്‍ കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരിങ്കൊടി പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അഭിഭാഷകനെന്ന നിലയിലാണ് താന്‍ ഹാജരായതെന്നും , പാര്‍ട്ടി വക്താവായിട്ടല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്

ഇതൊന്നും വിവാദമുണ്ടാക്കിയവര്‍ അറിഞ്ഞിട്ടേയില്ല. എന്തുമേതും പാര്‍ട്ടിക്കുള്ളിലും പുറത്തും എടുത്തലക്കി അലമ്പാക്കുന്ന പാരമ്പര്യം ഒരിക്കല്‍ കൂടി നടപ്പാക്കിയിരിക്കയാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top