ഐഎഫ്എഫ്‌കെയില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറില്ല; പുരസ്‌കാര നിര്‍ണ്ണയത്തില്‍ സിപിഎമ്മിന് അതൃപ്തി; മേളയ്ക്ക് മുമ്പ് വിവാദങ്ങള്‍ നിരവധി

തിരുവനന്തപുരം : ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍. ആര്‍ട്ടിസ്റ്റിക് ഡയറക്ടറില്ലാതെയാണ് ഇത്തവണ ചലചിത്രമേള സംഘടിപ്പിക്കുന്നത്. ഇതുവരെയുള്ള മേളകളില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറോ അല്ലെങ്കില്‍ അക്കാദമിയിലെ പ്രധാന പദവിയിലുള്ള ചലച്ചിത്ര പ്രവര്‍ത്തകരോ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ ജോലി നിര്‍വഹിക്കുകയാണ് പതിവ്. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ്,സ്‌ക്രീനിങ്ങ് ഷെഡ്യൂള്‍ തയാറാക്കല്‍, പ്രമുഖരായ ചലചിത്ര പ്രവര്‍ത്തകരെ എത്തിക്കല്‍ തുടങ്ങി മേളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നത് ആര്‍ട്ടിസ്റ്റിക് ഡയറക്ടറാണ്. ചലച്ചിത്ര അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍, വൈസ്‌ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലിരുന്ന ബീന പോള്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ റോള്‍ നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ മേളയില്‍ ദീപിക സുശീലനായിരുന്നു ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ പദവിയിലിരുന്നത്. എന്നാല്‍ കഴിഞ്ഞ മേളയ്ക്ക് പിന്നാലെ അക്കാമദി സെക്രട്ടറിയടക്കമുളളവരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ദീപിക സ്ഥാനം ഒഴിയുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഈ വര്‍ഷം ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ വേണ്ട എന്ന തീരുമാനത്തില്‍ അക്കാദമിയെത്തിയിരിക്കുന്നത്. കേരള ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷം സിനിമകളുടെ തിരഞ്ഞെടുപ്പ് നടന്നത്. കൂടാതെ ഗോള്‍ഡ സെല്ലാം എന്ന ഫ്രഞ്ച് ചലചിത്ര പ്രവര്‍ത്തകയെ മെന്ററായും നിയമിച്ചിട്ടുണ്ട്. ഇതേ ടീം തന്നെയാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നിര്‍ണ്ണയിച്ചതും.

ക്രിസ്‌തോഫ് സനൂസി കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന് വിമര്‍ശനം, സിപിഎമ്മിലും അതൃപ്തി

പോളിഷ് സംവിധായകന്‍ ക്രിസ്‌തോഫ് സനൂസിക്കാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കമ്മ്യൂണിസം ലോകത്ത് മരിച്ചെന്നും കമ്മ്യൂണിസ്റ്റ് ചിന്താഗതി ഹിറ്റ്‌ലറുടെ നയത്തേക്കാള്‍ അപകടമാണെന്നും നിലപാടെടുത്ത സംവിധായകനാണ് സനൂസി. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കമ്മ്യൂണിസത്തെ രൂക്ഷമായി വിമര്‍ശിക്കുന്നൊരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നതിലാണ് വിമര്‍ശനം ഉയരുന്നത്. 1998ലും 2003ലും ഐഎഫ്എഫ്‌കെയുടെ ഭാഗമായ സംവിധായകനാണ് സനൂസി. ഓപ്പണ്‍ ഫോറത്തില്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി.ജി.ഗോവിന്ദപ്പിള്ളയടക്കം സനൂസിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരാളെ തന്നെ വീണ്ടും ആദരിക്കുന്നതിലാണ് സിപിഎമ്മില്‍ എതിര്‍പ്പ് ഉയരുന്നത്. സിപിഎം സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഈ അവാര്‍ഡ് നിര്‍ണയത്തില്‍ അതൃപ്ത്തിയുണ്ട്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സാസംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടിയുട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പലവട്ടം മേളയുടെ ഭാഗമാവുകയും പറയാനുള്ള ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്‌തൊരാളെ വീണ്ടും കൊണ്ടു വരുന്നതു കൊണ്ട് മേളയുടെ അക്കാദമിക് നിലവാരത്തില്‍ ഒരു ഫലവുമുണ്ടാകില്ലെന്ന വാദവുമുണ്ട്. ഷാജി എന്‍.കരുണുമായുള്ള അടുപ്പമാണ് ഈ പുരസ്‌കാരത്തിന് പിന്നിലെന്നും ആരോപണം ഉയരുന്നുണ്ട്.

സനൂസി ക്ലാസിക്ക് സംവിധായകന്‍. രഞ്ജിത്ത്

ക്ലാസിക്ക് സംവിധായകന്‍ എന്ന നിലയിലാണ് ക്രിസ്‌തോഫ് സനൂസിയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്നാണ് ചലചിത്ര അക്കാദമിയുടെ ഔദ്യോഗിക വിശദീകരണം. രാഷട്രീയ നിലപാടുകളും അഭിപ്രായങ്ങളും പുരസ്‌കാര നിര്‍ണ്ണയത്തില്‍ പരിഗണിക്കാറില്ല. ചലച്ചിത്ര പ്രവര്‍ത്തനമാണ് മാനദണ്ഡമെന്നും അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു അക്കാലത്ത് ഉയര്‍ന്ന വിവാദം. എന്നാല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ബേല താര്‍ തന്നെ വ്യക്തമാക്കിയതായി ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ദീപിക സുശീലന്‍ ഫെയ്‌സബുക്കില്‍ ഇന്നലെ കുറിച്ചിരുന്നു. ഇതിന്റെ പേരില്‍ അക്കാദമിയില്‍ നിന്നും ആരും പുറത്താക്കിയിട്ടില്ല. ഫെസ്റ്റിവല്‍ കഴിഞ്ഞ് മൂന്നാം ദിവസം അക്കാദമി സെക്രട്ടറി അജോയിയുമായുള്ള അഭിപ്രായ വ്യത്യാസവത്തിന്റേയും യാതൊരു മര്യാദയും നല്‍കാത്ത പരാമരര്‍ശങ്ങളുടേയും പേരിലുമാണ് സ്ഥാനം ഒഴിഞ്ഞതെന്നുമാണ് ദീപിക കുറിച്ചിരിക്കുന്നത്. ബേല താറിനെതിരെ വന്ന വിമര്‍ശം തിരുത്താന്‍ ഔദ്യോഗികമായി ഉത്തരവാദിത്തപ്പെട്ടയാളാണ് സെക്രട്ടറി. എന്നാല്‍ അത് ചെയ്യാതെ തന്നെ പാര്‍ട്ടി വിരുദ്ധയാക്കാനുള്ള ശ്രമമാണ് നടന്നതെന്നും ദീപിക ആരോപിക്കുന്നു. ‘ബേല താര്‍, മാപ്പ്’. എനിക്കു വച്ച കത്തിയില്‍ നിങ്ങളുടെ തലയും പെട്ടതിന് എന്ന് പറഞ്ഞാണ് ദിപിക ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top