വിമാനത്തിന്റെ പുറംചട്ടയിൽ തകരാർ; ‘സെല്ലോടേപ്പ് ‘ ഒട്ടിച്ചു യാത്ര, വിവാദത്തിലായി എയർലൈൻ

വിമാനത്തിന്റെ പുറംചട്ടയിൽ ഉണ്ടായ തകരാർ ‘സെല്ലോടേപ്പ്’ ഉപയോഗിച്ച് ഒട്ടിച്ചു യാത്ര നടത്തിയ സംഭവത്തിൽ ഇറ്റലിയിൽ വിവാദം. ഇന്നലെ രാവിലെ 7.20 നു കാല്യാരി എയർപോർട്ടിൽനിന്നു പുറപ്പെട്ട്, 8.14 നു ഫ്യുമിച്ചീനോ എയർപോർട്ടിൽ വന്നിറങ്ങിയ AZ1588 ഐടിഎ എയർവെയ്സ് വിമാനത്തിന്റെ മുൻഭാഗത്തെ തകരാർ ടേപ്പുപയോഗിച്ച് ഒട്ടിച്ചുവച്ചനിലയിൽ കണ്ടതാണ് സമൂഹമാധ്യമത്തിൽ സുരക്ഷാ ചർച്ചയ്ക്കു കാരണമായത്.
ഈ വിമാനത്തിൽ റോമിലേക്കുവന്ന സർദിനിയ റീജിയൻ മുൻ പ്രസിഡന്റ് മൗറോ പിലിയാണ് ടേപ്പ് ഒട്ടിച്ച വിമാനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ‘അടച്ചുമൂടിയ പ്രവേശനകവാടം വഴിയാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചത്. അതിനാൽ യാത്രയ്ക്കുമുൻപ് ആരും ഒന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന്’ മൗറോ പിലി. ഫ്യുമിചിനോ എയർപോർട്ടിൽ എത്തിയപ്പോഴാണ്, തങ്ങൾ യാത്രചെയ്തത് അപകീർത്തികരമായ രീതിയിൽ പാച്ചുചെയ്ത വിമാനത്തിലായിരുന്നു എന്നു മനസിലായതെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.
ഫ്ലൈറ്റ് ടിക്കറ്റിനു പണം നൽകുമ്പോൾ യാത്രക്കാർ പരമാവധി സുരക്ഷ പ്രതീക്ഷിക്കുന്നുവെന്നും യാത്ര പുറപ്പെടുന്നതിനുമുൻപ് ഈ ഒട്ടിക്കൽ കണ്ടിരുന്നുവെങ്കിൽ യാത്രക്കാരിൽ 99 ശതമാനവും ആ വിമാനത്തിൽ കയറില്ലായിരുന്നുവെന്നും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, എപ്പോഴും അധികാരികൾ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും യാത്രക്കാരോടും ഓൺ-ബോർഡ് സ്റ്റാഫ് അംഗങ്ങളോടും തികഞ്ഞ ബഹുമാനം പുലർത്തിക്കൊണ്ടുമാണ് പ്രവർത്തിക്കുന്നതെന്നും വിവാദത്തോട് പ്രതികരിച്ച ഐടിഎ എയർവേയ്‌സ് അധികൃതർ പറഞ്ഞു.
വിമാനത്തിന്റെ ഒരു പാനലിൽ കണ്ടെത്തിയ കേടുപാടുകൾ താൽക്കാലികമായി നേരിടാൻ അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്നു. വിമാന നിർമ്മാതാവ് അംഗീകരിച്ച നിബന്ധനകൾക്ക് അനുസൃതമായാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. വിമാനത്തിൽ പതിച്ചതു സെല്ലോടേപ്പ് അല്ലെന്നും അടിയന്തിര സന്ദർഭങ്ങളിൽ, താപവ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പ്രത്യേക രീതിയിലുള്ള മെറ്റാലിക് ഹൈ സ്പീഡ് ടേപ്പ് ആണെന്നും അധികൃതർ പറഞ്ഞു. എയറോനോട്ടിക്കൽ ആവശ്യങ്ങൾക്കായി ഇത് സാധാരണ ഉപയോഗിക്കാറുണ്ടെന്നും ഐടിഎ എയർവെയ്സ് അധികൃതർ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here