‘തമിഴ്നാട്ടിലെ ആളുകള്‍ ബെംഗളൂരുവില്‍ സ്ഫോടനം നടത്തുന്നു’; വിവാദ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞ് ശോഭ കരന്ദലജെ; കേരളത്തിനെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ചില്ല
ബെംഗളൂരു: തമിഴ്നാടിനെതിരായ വിദ്വേഷപരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകള്‍ ബെംഗളൂരുവില്‍ എത്തി സ്ഫോടനം നടത്തുന്നു എന്ന പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. തമിഴ്നാട്ടിലെ മുഴുവന്‍ ആളുകളെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്നായിരുന്നു ശോഭയുടെ വിശദീകരണം. എന്നാല്‍ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ചിട്ടില്ല.
കേരളത്തിലെ ആളുകള്‍ കര്‍ണാടകയില്‍ എത്തി പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും തമിഴ്നാട്ടിലെ ആളുകള്‍ ബോബുണ്ടാക്കാന്‍ പരിശീലനം നടത്തി ബെംഗളൂരുവിലെത്തി സ്ഫോടനം നടത്തുകയാണെന്നുമായിരുന്നു ശോഭയുടെ വിവാദ പരാമര്‍ശം. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയാണെന്നും ശോഭ ആരോപിച്ചു.
ബെംഗളൂരുവിലെ അള്‍സൂരിലെ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി പ്രതിഷേധിക്കുന്നതിനിടെയാണ് ശോഭ ഈ പ്രസ്താവന നടത്തിയത്. ബെംഗളൂരുവിലെ രാമേശ്വരം കഫെയിലുണ്ടായ സ്ഫോടനവും മംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിക്ക് നേരെ മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയ സംഭവങ്ങളും സൂചിപ്പിച്ചായിരുന്നു പരാമര്‍ശം.
ഇതിനുപിന്നാലെ ശോഭക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ജനങ്ങളെ വിഭജിക്കാനുള്ള നീക്കമാണെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കഫെയിലുണ്ടായ സ്ഫോടനത്തില്‍ ഇതുവരെ പ്രതിയുടെ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഒന്നുകില്‍ എന്‍ഐഎ ഉദ്യോഗസ്ഥരോ സ്ഫോടനവുമായി ബന്ധമുള്ളവരോ ആയിരിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here