മൈലപ്ര സഹകരണ ബാങ്കിൽ 18 കോടിയുടെ ജപ്തി; സഹകരണവകുപ്പ് പിടിച്ചെടുത്തത് മുന്‍ ഭാരവാഹികളുടെ സ്വത്തുക്കള്‍; തടഞ്ഞത് ഈടായി നല്‍കിയത് കൈമാറ്റം ചെയ്യാനുള്ള നീക്കം

പത്തനംതിട്ട: പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ശക്തമായ നടപടികളുമായി സഹകരണവകുപ്പ്. ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കൾ എന്നിവരുടെ 18 കോടിയുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. ബാങ്കില്‍ ഈടായി നല്‍കിയ വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ ഒരുങ്ങിയതോടെയാണ് സ്വത്തുക്കള്‍ ജപ്തി ചെയ്തത്.
ബാങ്കില്‍ വായ്പാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് സഹകരണ ബാങ്ക് നടപടി. 32,95,00,000 രൂപയുടെ തട്ടിപ്പാണ് അസിസ്റ്റന്റ് രജിസ്റ്റാർ മൈലപ്ര സഹകരണ ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാർച്ചിൽ ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. മൈലപ്ര സഹകരണ ബാങ്കിന്റെ പേരില്‍ 2 കോടിയോളം രൂപ വാണിജ്യ ബാങ്കില്‍ ഉണ്ടായിരുന്നു. ഇത് പിന്‍വലിച്ചതിനും ചിലവഴിച്ചതിനും രേഖയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അമൃത ഫാക്ടറിയിൽ ഗോതമ്പ് സ്റ്റോക്കില്‍ ക്രമക്കേടുണ്ടായിരുന്നു. നിക്ഷേപകരുടെ വായ്പ, നിക്ഷേപം എന്നിവയിലെല്ലാം തട്ടിപ്പ് നടന്നു. ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് സഹകരണവകുപ്പ് അന്വേഷണം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here