മെസ്സിപ്പടയ്ക്ക് വിജയത്തുടക്കം; കാനഡയെ കീഴടക്കിയത് രണ്ട് ഗോളുകൾക്ക്

കോപ്പ അമേരിക്കയില്‍ വരവറിയിച്ച് അര്‍ജന്റീന. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് കാനഡയെ പരാജയപ്പെടുത്തിയത്. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് വിജയ ഗോളുകൾ സ്‌കോർ ചെയ്തത്. മെസ്സിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ നിരവധി അവസരങ്ങൾ കളഞ്ഞ് കുളിക്കുന്നതും മത്സരത്തിലുടനീളം കണ്ടു.

അര്‍ജന്റീനയെ വിറപ്പിച്ചാണ് കാനഡ തുടങ്ങിയത്. ആക്രമണോത്സുകമായ നീക്കങ്ങളാണ് ടീം നടത്തിയത്. പന്തടക്കത്തിലും കാനഡയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ 9-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. കോര്‍ണറിൽ ലഭിച്ച പന്തുമായി മുന്നേറിയ ഡി മരിയയ്ക്ക് പക്ഷേ അവസരം മുതലാക്കാനായില്ല.

ഇതോടെ മെസ്സിയും ഡി മരിയയും പ്രത്യാക്രമണം തുടങ്ങി. 39-ാം മിനിറ്റില്‍ മാക് അലിസ്റ്ററുടെ ഹെഡര്‍ കനേഡിയന്‍ ഗോളി മാക്‌സിം ക്രപ്യു തട്ടിയകറ്റി. 42-ാം മിനിറ്റില്‍ കാനഡ അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിച്ചു. അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ആണ് പന്ത് തട്ടിയകറ്റി രക്ഷകനായത്. റീബൗണ്ടില്‍ അല്‍ഫോണ്‍സോ ഡേവിസ് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ബാറിന് പുറത്തുപോയി. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. 49-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് ലക്ഷ്യം കണ്ടത്. വലതുവിങ്ങില്‍ നിന്ന് മെസ്സി നല്‍കിയ പാസിലൂടെയാണ് ഗോള്‍ പിറന്നത്. പിന്നാലെ അര്‍ജന്റീന ആക്രമണങ്ങള്‍ തുടര്‍ന്നു. 65-ാം മിനിറ്റില്‍ മെസ്സി സുവര്‍ണാവസരം നഷ്ടപ്പെടുത്തി. എമിലിയാനോ നല്‍കിയ പന്ത് മെസ്സിക്ക് ലഭിക്കുമ്പോള്‍ മുന്നില്‍ കനേഡിയന്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. പന്ത് വീണ്ടും മെസ്സിയുടെ കാലിലെത്തി എങ്കിലും ഫലമുണ്ടായില്ല.

തിരിച്ചടിക്കാന്‍ കാനഡ മുന്നേറ്റങ്ങള്‍ ശക്തമാക്കി. അതോടെ മത്സരം കടുത്തു. 79-ാം മിനിറ്റില്‍ വീണ്ടും മെസ്സി കിട്ടിയ അവസരം പാഴാക്കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ഇക്കുറിയും അര്‍ജന്റീന നായകന് പിഴച്ചു. 88-ാം മിനിറ്റില്‍ അര്‍ജന്റീന രണ്ടാം ഗോള്‍ കണ്ടെത്തി. ലൗട്ടാറോ മാര്‍ട്ടിനസ് വലകുലുക്കിയതോടെ മത്സരവിധി തീരുമാനിക്കപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top