‘മേയർ വീണ്ടും പ്രതിക്കൂട്ടിൽ’ !! ആമയിഴഞ്ചാന്‍ ദുരന്തത്തിൽ അനാവശ്യവിവാദം ക്ഷണിച്ചുവരുത്തിയെന്ന് വിലയിരുത്തൽ

നഗരത്തിലെ അഴുക്കുചാലിൽ പെട്ട് ഒരാളുടെ ജീവൻ പൊലിഞ്ഞ വിവാദത്തിലും നെഞ്ചുംവിരിച്ച് നിന്ന് വിമർശനങ്ങളേറ്റ് വാങ്ങി തിരുവനന്തപുരം മേയറും നഗരസഭയും. ശുചീകരണത്തിലെ അനാസ്ഥയുടെ പേരിൽ റെയിൽവേക്ക് മേൽ കുതിര കയറാൻ ആര്യാ രാജേന്ദ്രൻ ശ്രമിച്ചതാണ് തിരിച്ചടിച്ചത്. നഗരസഭയുടെ വീഴ്ചകൾ റെയിൽവേ അക്കമിട്ട് വിശദീകരിക്കുന്നതിലേക്ക് എത്തിച്ചത് അതാണ്. മുൻപെങ്ങുമില്ലാത്ത വിധം പ്രതികരിക്കേണ്ട സാഹചര്യത്തിലേക്ക് റെയിൽവേയെ എത്തിച്ചു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഉണ്ടാക്കിയ വിവാദത്തിന് ശേഷം ജാഗ്രത പാലിക്കണമെന്ന് സിപിഎം ജില്ലാ നേതൃയോഗം മേയര്‍ ആര്യാ രാജേന്ദ്രന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ വീണ്ടും ചില പരാമർശങ്ങൾ പരിധിവിട്ടു. ആര്യയുടെ കരച്ചിലും അത് കണ്ടു ചിരിക്കുന്ന സിപിഎം പ്രവര്‍ത്തകയുടെ ചിത്രം പുറത്തുവന്നതുമെല്ലാം വിവാദത്തിന് പുതിയ തലം നല്‍കി.

മാലിന്യപ്രശ്നം മേയറുടെയോ ഇപ്പോഴത്തെ നഗരസഭാ ഭരണത്തിൻ്റെയോ ബാധ്യതയായി ആരും കാണുന്നില്ല. കാലാകാലങ്ങളായി നഗരം നേരിടുന്ന പ്രശ്നം തന്നെയാണത്. എന്നാൽ രക്ഷാപ്രവര്‍ത്തന സമയത്തെങ്കിലും വിവാദങ്ങൾ ഒഴിവാക്കാനുള്ള പക്വത കാണിക്കണമായിരുന്നു. അതിനുശേഷം എല്ലാം ചര്‍ച്ചയാക്കാമായിരുന്നു. റെയില്‍വേയെ നിരന്തരം കുറ്റപ്പെടുത്തിയ നടപടിയിലൂടെ നഗരസഭക്ക് ഉത്തരവാദിത്തമില്ലെന്ന് വരുത്താന്‍ മേയർ ശ്രമിച്ചെന്നാണ് വിമര്‍ശനം. റെയില്‍വേയിലെ മാലിന്യം റെയില്‍വേയുടേത് മാത്രമാണെന്ന പ്രതികരണം എല്ലാ അര്‍ത്ഥത്തിലും പക്വതയില്ലാത്തതായി. ഒടുവിലെ തകരപ്പറമ്പിലെ മാലിന്യത്തില്‍ ജോയിയുടെ മൃതദേഹം അടിഞ്ഞത്, തീർത്തും കരുതലില്ലാത്ത രക്ഷാപ്രവര്‍ത്തനമെന്ന ചിത്രം പൊതുസമൂഹത്തിലെത്തിച്ചു. ഇതുകൊണ്ടെല്ലാമാണ് തദ്ദേശവകുപ്പിൻ്റെ ചുമതലക്കാരനായ മന്ത്രി എംബി രാജേഷിന് ചാനല്‍ ചര്‍ച്ചകളില്‍ നേരിട്ടെത്തി വിശദീകരിക്കേണ്ടി വന്നത്.

എന്നാല്‍ മേയര്‍ക്കെതിരെ എന്ത് പറഞ്ഞിട്ടും ഫലമില്ല എന്ന വികാരവും പൊതുവിലുണ്ട്. മന്ത്രി മുഹമ്മദ് റിയാസിന്റെ അതിവിശ്വസ്തനാണ് ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ജില്ലാ കമ്മറ്റികളിലെ വിമര്‍ശനം അവിടെ ഒതുങ്ങും. സാധാരണ പ്രവർത്തകരുടെ കാര്യത്തിലെന്ന പോലെ അത് തിരുത്തലിൻ്റെ രൂപത്തിലേക്ക് എത്തില്ല. ഇത് തലസ്ഥാനത്തെ പ്രധാനികൾക്കെല്ലാം അറിയാം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നടത്തിയ വിലയിരുത്തലിന് ഒടുവിലാണ് അനാവശ്യ വിവാദങ്ങളില്‍ ചെന്നു ചാടരുതെന്ന് മേയര്‍ക്ക് സിപിഎം ജില്ലാ കമ്മറ്റി അന്ത്യശാസനം നല്‍കിയത്. എന്നിട്ടു പോലും മതിയായ കരുതല്‍ മേയറുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല.

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ തൊഴിലാളിയെ കാണാതായ സംഭവത്തെ തുടര്‍ന്ന് പരസ്പരം പഴിചാരി റെയില്‍വേയും കോര്‍പറേഷനും എത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടാണ് സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലുമുള്ളത്. മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം കോര്‍പറേഷൻ്റേത് ആണെന്ന ദക്ഷിണ റെയില്‍വേ എഡിആര്‍എമ്മിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തി. ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ ഭാഗത്തുള്ള മാലിന്യം നീക്കംചെയ്യാൻ അനുമതി ചോദിച്ച് റെയില്‍വേയ്ക്ക് കത്ത് നല്‍കിയിട്ടില്ലെന്നും മാലിന്യം നീക്കാന്‍ റെയില്‍വേയ്ക്ക് നോട്ടീസ് നല്‍കുകയാണ് ചെയ്തതെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

റെയില്‍വേയില്‍നിന്നുള്ള മാലിന്യമല്ല കനാലിലുള്ളതെന്നും റെയില്‍വേയുടെ മാലിന്യം മറ്റ് സംവിധാനം വഴിയാണ് നീക്കം ചെയ്യുന്നതെന്നും എഡിആര്‍എം വിജി എം.ആര്‍. നേരത്തെ പറഞ്ഞിരുന്നു. മാലിന്യം നീക്കംചെയ്യേണ്ട ഉത്തരവാദിത്വം റെയില്‍വേക്ക് ഇല്ലെന്നും അത് കോര്‍പ്പറേഷന്റെ ചുമതലയാണെന്നും അവർ നിലപാടെടുത്തു. നഗരസഭയുടെ ഭാഗത്ത് നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പറയുന്നത് തെറ്റാണ്. അവര്‍ ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും തയ്യാറാണ് എന്നെല്ലാം റെയിൽവേ നിലപാട് തുറന്നുപറഞ്ഞതും തിരിച്ചടിയായി. ഇതെല്ലാം നഗരസഭയും മേയറും ചേർന്ന് ചോദിച്ചുവാങ്ങിയതാണ് എന്നാണ് പാർട്ടിതലത്തിലുള്ള വിലയിരുത്തൽ.

ദുരന്തത്തെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും ഇന്നിപ്പോൾ റെയിൽവേ തുടക്കമിട്ട് കഴിഞ്ഞു. അതിൻ്റെ കണ്ടെത്തലുകൾ പുറത്തുവരുമ്പോൾ നഗരസഭ കൂടുതൽ പ്രതിരോധത്തിലാകാനാണ് സാധ്യത. എന്തൊക്കെ പറഞ്ഞാലും നഗരത്തിൻ്റെയാകെ ശുചീകരണത്തിന് ഉത്തരവാദിത്തമുള്ള നഗരസഭ പഴി ആരുടെ മേൽ വച്ചിട്ടും കാര്യമില്ല എന്ന പൊതുവികാരം ശക്തമാണ്. റെയിൽവേ പരിസരത്തെ ശുചീകരണത്തിന് നോട്ടീസ് നൽകിയോ, എന്ത് പ്രതികരണം ഉണ്ടായി തുടങ്ങിയെല്ലാ ആരോപണങ്ങളിലും ഇനി വ്യക്തതയുണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top