പത്തനംതിട്ടയിലെ മാതൃകാ കമ്യൂണിസ്റ്റുകൾ സജിമോനും ശരൺ ചന്ദ്രനും; തെറ്റു തിരുത്തിത്തിരുത്തി പാർട്ടി മുന്നേറുമ്പോൾ

സിപിഎം തെറ്റ് തിരുത്തലിൻ്റെ പാതയിലാണെന്ന് നേതൃത്വം ആണയിട്ട് പറയുമ്പോഴും അനഭിലഷണീയ പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കാനോ, അവമതിപ്പ് ഉണ്ടാക്കുന്നവരിൽ നിന്ന് അകലം പാലിക്കാനോ പാർട്ടിക്ക് കഴിയുന്നില്ല. പത്തനംതിട്ടയിലെ അറിയപ്പെടുന്ന ഗുണ്ടയും ‘കാപ്പ’ പ്രതിയുമായ ശരൺ ചന്ദ്രനെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ മാലയിട്ട് സ്വീകരിച്ച് പാർട്ടി അംഗത്വം നൽകിയതാണ് പുതിയ വിവാദം. ‘ഇഡ്ഡലി ശരൺ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന 24കാരൻ ശരൺ ചന്ദൻ മലയാലപ്പുഴ സ്വദേശിയാണ്. ഈ ആഴ്ചയിൽ തന്നെയാണ് പീഡനക്കേസ് പ്രതിയായ സജിമോനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. ഈ രണ്ട് സംഭവങ്ങളും നടന്നിരിക്കുന്നത് സിപിഎം തെറ്റുതിരുത്തൽ പ്രക്രിയ പ്രഖ്യാപിച്ച കാലത്താണെന്ന പ്രത്യേകതയുണ്ട്.

ആർഎസ്എസ് പ്രവർത്തകനും സ്ത്രീയെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്നിറങ്ങിയത്. ഇയാളടക്കം ബിജെപി- ആർഎസ്എസ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന 63 പേർക്കാണ് ഇന്നലെ സിപിഎമ്മിൽ അംഗത്വം നൽകിയത്. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിൻ്റെ നേതൃത്വത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയാണ് പോലീസ് കാപ്പ നിയമം പ്രയോഗിക്കുന്നത്. കൊലപാതകശ്രമം, സ്ത്രീകളെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെയു ള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് കാണിച്ചാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ഡിഐജി ആർ.നിശാന്തിനിയാണ് ശുപാർശ ചെയ്തത്. എന്നാൽ ഇയാളെ കാപ്പയിൽ നാടുകടത്തിയിട്ടില്ല എന്നതാണ് സിപിഎമ്മിൻ്റെ ന്യായം. എന്നാൽ നാടുവിട്ട് ഓടിച്ചില്ലെങ്കിലും കാപ്പ നിയമത്തിലെ 15 (1) വകുപ്പ് പ്രകാരം ഇയാളുടെ സഞ്ചാരവും മറ്റും നിയന്ത്രിക്കുകയും പോലീസ് നീരിക്ഷണത്തിൽ വയ്ക്കുകയും ചെയ്തിരുന്നുവെന്ന് ഡിഐജിയുടെ റിപ്പോർട്ടിലുണ്ട്.

രാഷ്ടീയ പ്രവർത്തനം നടത്തിയതിൻ്റെ പേരിലുണ്ടായ കേസുകളാണ് ശരൺ ചന്ദ്രനെതിരെ കാപ്പ ചുമത്താൻ കാരണമായത് എന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ന്യായീകരണം. “ആർഎസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരൺ പ്രതിയായത്. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ്. ആ പ്രസ്ഥാനം അവരെ ഉപയോഗിക്കുകയാണ് എന്ന് മനസ്സിലായപ്പോഴാണ് അവരത് ഉപേക്ഷിച്ചത്. ശരൺ മാത്രമല്ല ഒപ്പമുള്ള 63 പേരും സിപിഎമ്മിൽ ചേർന്നുവെന്നാണ് ഉദയഭാനു പറയുന്നത്. കാപ്പ കേസ് പ്രതി എന്നു പറഞ്ഞാൽ ആജീവനാന്ത പ്രതിയല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

ശരൺ ചന്ദ്രൻ തെറ്റായ പാതയിൽ നിന്ന് ശരിയായ പാതയിലേക്ക് വന്നത് കൊണ്ടാണ് അയാളെ സ്വീകരിച്ചത് എന്നാണ് മന്ത്രി വീണാ ജോർജിൻ്റെ വിശദീകരണം. എന്നാൽ മന്ത്രിയുടേയും ജില്ലാ സെക്രട്ടറിയുടേയും വാദങ്ങൾ ജില്ലാ പോലീസ് പാടെ തള്ളിക്കളയുന്നു. പെട്ടെന്നുണ്ടായ ഏതെങ്കിലും പ്രകോപനം കൊണ്ടോ, അബദ്ധത്തിലോ ഒന്നും കേസിൽപെട്ടതല്ല ശരൺ. 12 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മലയാലപ്പുഴ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽ പെട്ടിട്ടുമുണ്ട്. ഇയാളെയാണ് വെള്ളപൂശാൻ മന്ത്രിയും ജില്ലാ സെക്രട്ടറിയും ശ്രമിക്കുന്നത്.

സിപിഎമ്മിൻ്റെ പാർട്ടി ഭരണഘടന പ്രകാരം ഒരാൾക്ക് അംഗത്വം നൽകുന്നതിന് കൃത്യമായ നടപടി ക്രമങ്ങളുണ്ട്. അതൊക്കെ കാറ്റിൽപ്പറത്തിയാണ് ശരൺ ചന്ദ്രനെ സിപിഎമ്മിലേക്ക് സ്വീകരിച്ചതെന്ന പരാതി പത്തനംതിട്ടയിലെ പാർട്ടി പ്രവർത്തകർക്കും ഉണ്ട്.

സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന കാലത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട തിരുവല്ലയിലെ പ്രാദേശിക നേതാവ് സി.സി.സജിമോനെ തിരിച്ചെടുത്തത് കഴിഞ്ഞയാഴ്ചയാണ്. 2017ൽ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന കാലത്ത് സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനാണ് ഇയാളെ പുറത്താക്കിയത്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചതായും ഇയാൾക്കെതിരെ ആക്ഷേപം ഉയർന്നിരുന്നു.

2022ൽ സിപിഎം വനിതാ നേതാവിനെ കാറിൽ കൊണ്ടുപോയി ലഹരി നൽകി നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്. രണ്ട് കേസുകളിലും കോടതിയുടെ അന്തിമവിധി വരും മുൻപാണു പ്രതിയെ പാർട്ടി തിരിച്ചെടുക്കുന്നത്. പ്രാഥമിക അംഗത്വം വീണ്ടും നൽകിയതിനു പുറമേ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റവും നൽകിയത് വൻ വിവാദമായിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് ഇയാളെ പുറത്താക്കാൻ തീരുമാനമെടുത്തത്. എന്നാൽ പിന്നീട് പാർട്ടി കൺട്രോൾ കമ്മീഷന് അപേക്ഷ നൽകിയതിനെ തുടർന്നാണ് തിരിച്ചെടുത്തത്. ഇതിനെതിരെ തിരുവല്ല ടൗണിലും മറ്റും പോസ്റ്ററുകൾ വ്യാപകമായി പതിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട അതിജീവിതയുടെ സഹോദരൻ ഉൾപ്പടെ നിരവധി പേർ പാർട്ടി തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് കേരളത്തിൽ കനത്ത പരാജയം ഉണ്ടായതിനെ തുടർന്നാണ് തിരുത്താനുണ്ടെന്ന തിരിച്ചറിവിലേക്ക് പാർട്ടി എത്തിയതും അത് പരസ്യമായി പ്രഖ്യാപിച്ച് നടപടിയിലേക്ക് കടന്നതും. സിപിഎമ്മിൻ്റെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ പ്രഖ്യാപിച്ച ശുദ്ധീകരണ പ്രക്രിയകൾ വെറും പ്രഹസനമാണെന്ന് തെളിയിക്കുന്നതാണ് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഈ രണ്ട് സംഭവങ്ങൾ. സ്ത്രീപീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തതിന് പറയുന്ന ന്യായീകരണങ്ങൾ പാർട്ടി അണികൾക്കു പോലും ദഹിച്ചിട്ടില്ല. ആ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് കാപ്പ കേസ് പ്രതിക്ക് അംഗത്വം നൽകി ആഘോഷപൂർവ്വം പാർട്ടിയേക്ക് കൊണ്ട് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top