ജ്യോതിബസുവിന്‍റെ തണലിൽ കോടീശ്വരനായ ചന്ദൻ ബസു; ബംഗാളിൽ ഉയർത്തെഴുന്നേല്പ് ഇല്ലാതാക്കിയത്‌ അഴിമതി

കഴിഞ്ഞ എട്ട് വർഷമായി കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുടുംബാംഗങ്ങൾക്ക് നേരെ അഴിമതി ആരോപണങ്ങൾ ഉയരുന്നതിൽ ആരും അത്ഭുതപ്പെടുന്നില്ല. മിക്ക ആരോപണങ്ങളെക്കുറിച്ചും കാര്യമായ അന്വേഷണമൊന്നും നടന്നിട്ടുമില്ല. മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന്‍റെ പേര് പറഞ്ഞ് സിപിഎമ്മിലെ ചിലർ നടത്തിയെന്ന് പറയുന്ന പി.എസ്.സി. അഴിമതി ആരോപണമാണ് അന്തരീക്ഷത്തിൽ അലയടിക്കുന്നത്. പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിനിയായ ഹോമിയോ ഡോക്ടറിൽ നിന്ന് പ്രമോദ് കോട്ടൂളി എന്ന പ്രാദേശിക നേതാവ് 22 ലക്ഷം വാങ്ങിയെന്നാണ് ആക്ഷേപം. റിയാസിന് ഈ ഇടപാടുമായി പങ്കുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും പുറത്തു വന്നിട്ടില്ല. ചിലർ ബോധപൂർവം തന്‍റെ പേര് നെഗറ്റീവായ കാര്യങ്ങളിൽ വലിച്ചിഴക്കുകയാണെന്നാണ് റിയാസിന്‍റെ നിലപാട്.

പഴയ കാലത്ത് കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷമോ, മാധ്യമങ്ങളോ ധൈര്യപ്പെട്ടിരുന്നില്ല. അത്രമേൽ വെൺമയാർന്ന ജീവിതമുള്ളവരായിരുന്നു കമ്യൂണിസ്റ്റു നേതാക്കൾ, പ്രത്യേകിച്ച് അധികാരം കൈയാളിയിരുന്നവർ. ഇഎംഎസ്, അച്യുതമേനോൻ , ഇ.കെ.നായനാർ, പി.കെ.വാസുദേവൻ നായർ എന്നി കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർക്കെതിരേയോ, അവരുടെ കുടുംബാംഗങ്ങൾക്കെതിരെയോ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു ആരോപണവും അവരുടെ ഭരണകാലത്ത് ഉയർന്നിട്ടില്ല. അത്രമാത്രം ശുദ്ധവും നിർമ്മലവുമായിരുന്നു അവരുടെ പൊതുജീവിതം . പിന്നീട് വന്ന പലർക്കെതിരേയും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പടെ പല ആരോപണങ്ങളും ഉയർന്നിരുന്നു.

രാജ്യത്ത് ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്‍റെ മകനെതിരെ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് തന്നെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. 23 കൊല്ലം ബംഗാൾ ഭരിച്ച ജ്യോതിബസു തന്റെ ഏക മകന്‍ ശുഭബ്രത ബസു എന്ന ചന്ദന്‍ബസുവിന്റെ ബിസ്‌കറ്റ് സാമ്രാജ്യത്തിന് പുറമെ മറ്റ് വ്യവസായ ലോകം കെട്ടിപ്പെടുക്കാന്‍ സകല ഒത്താശകളും വഴിവിട്ട ശുപാര്‍ശകളും മാര്‍ഗങ്ങളും അവലംബിക്കുന്നത് പതിവായിരുന്നു.

പിതാവ് മുഖ്യമന്ത്രിയായ ശേഷമാണ് ചന്ദന്‍ ബിസ്‌കറ്റ് കമ്പനിയുമായി രംഗത്ത് വരുന്നത്. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് റോക്കറ്റ് വേഗത്തിലായിരുന്നു മകന്റെ വ്യവസായ സാമ്രാജ്യം പടര്‍ന്ന് പന്തലിച്ചത്. കല്‍ക്കട്ടയിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളിലും കൊടി കുത്തലും സമരവും നിത്യസംഭവമായിരുന്ന കാലത്ത് ചന്ദന്റെ ഈസ്റ്റേണ്‍ ബിസ്‌കറ്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഫാക്ടറികളിലും ഓഫീസുകളിലും 24 മണിക്കൂറും പണി നടക്കുമായിരുന്നു. അവിടെ കൂലി വര്‍ധനയ്ക്കും തൊഴില്‍ സുരക്ഷയ്ക്കും വേണ്ടി ഒരു ‘ഇങ്ക്വിലാബ് വിളിയും ഉയര്‍ന്നില്ല. സി ഐടിയുക്കാര്‍ ആരും ആ വഴി പോയതുമില്ല. ഇതിനും പുറമേ ബംഗാളിലെ എല്ലാ പ്രധാന ഫാക്ടറികളിലും ഡീസലെത്തിക്കുന്ന ട്രക്കുകളുടെ കരാറും ചന്ദനായിരുന്നു. ബന്ത് ദിനത്തില്‍ പോലും മുഖ്യമന്ത്രിയുടെ മകന്റെ ഈസ്റ്റേണ്‍ ബള്‍ക്ക് കാരിയേഴ്‌സിന്റെ ടാങ്കര്‍ ലോറികള്‍ ഒരു തടസവുമില്ലാതെ ബംഗാളില്‍ ഓടുമായിരുന്നു. അച്ഛന്റെ തണലില്‍ മകന്‍ കോടികള്‍ സമ്പാദിച്ചു കൂട്ടുന്ന സ്ഥിതിയായിരുന്നു. അന്ന് കേവലം 30 വയസുണ്ടായിരുന്ന ചന്ദന് ഇന്ന് സഹസ്രകോടികളുടെ സമ്പാദ്യമുണ്ട്. അദ്ദേഹമിപ്പോൾ ദുബായിലാണ്. ഇന്നിപ്പോള്‍ ഇന്ത്യയിലെ എണ്ണം പറഞ്ഞ പണക്കാരിലൊരാളാണ് ചന്ദന്‍ബസു.

80കളിലെ ഇന്ത്യാ ടുഡേ മാസികയില്‍ ചന്ദനെക്കുറിച്ച് വന്ന റിപ്പോര്‍ട്ടിന്റെ തുടക്കമിങ്ങനെയാണ് – At 30, Subhabrata Basu, alias Chandan, the lean and tall only child of Jyoti Basu, the Marxist Chief Minister of West Bengal, is poised to become of the archetypes of Left demonology. The Son smokes English Cigarettes and like Golf. The father likes to play political games. The son spends evenings watching American movies on vedio, sipping Scotch Whisky on the rocks, and attending endless cocktail parties.

തൊഴിലാളി വർഗത്തിന്‍റെ വക്താവായി പിതാവ് ജ്യോതി ബസു നിലകൊള്ളുമ്പോൾ മകൻ ആഡംബര ജീവിതം നയിക്കുകയാണെന്നാണ് ഇന്ത്യാ ടുഡേ എഴുതിയത്. ജ്യോതി ബസു മകന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്താന്‍ സകല അഴിമതിക്കും കൂട്ടുനില്‍ക്കുകയാണെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രിയും പിബി അംഗവുമായിരുന്ന നൃപന്‍ ചക്രബര്‍ത്തി പറഞ്ഞതിന്റെ പേരില്‍ ബസു നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 1995 ൽ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നൃപന്‍ ചക്രബര്‍ത്തി ബസുവിനെ വിശേഷിപ്പിച്ചത് ‘ബംഗാളിലെ അഴിമതിയുടെ പ്രഭവസ്ഥാനമെന്നാണ്’. ബംഗാള്‍ മുഖ്യമന്ത്രി കഴിഞ്ഞ 18 കൊല്ലമായി പാര്‍ട്ടി സെക്രട്ടറി ഹർകിഷൻ സിംഗ് സുര്‍ജിത്തിന്റെ ഒത്താശയോടെ അഴിമതി നടത്തുകയാണ്. ഈ ദുര്‍ഭരണം മൂലം ബംഗാളിന്റെ എല്ലാ മുക്കിലും മൂലയിലും അഴിമതി കൊടികുത്തി വാഴുകയാണെന്നാണ് നൃപൻ ചക്രബർത്തി പറഞ്ഞത്. ‘Jyoti Basu is the fountain head of corruption’ എന്നാണ് നൃപൻ വിശേഷിപ്പിച്ചത്.

23 വര്‍ഷത്തെ ബസുവിന്റെ ഭരണകാലത്ത് മകന്‍ കോടീശ്വരനാവുകയും അയാളുടെ വ്യവസായങ്ങള്‍ തഴച്ചു വളരുകയും ചെയ്തു. ജ്യോതി ബസുവിന് ശേഷം അധികാരത്തിൽ വന്ന ബുദ്ധദേവ് ഭട്ടാചാര്യക്കെതിരെയോ കുടുംബാംഗങ്ങൾ ക്കെതിരേയോ അഴിമതി ആരോപണങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, 34കൊല്ലത്തെ ബംഗാളിലെ ഇടത് ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചതായിരുന്നുവെന്ന് പാർട്ടിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. 2011ൽ അധികാരത്തിൽ നിന്ന് പുറത്തായ സിപിഎമ്മിന് പിന്നീടൊരിക്കലും ഉയർത്തെഴുന്നേല്പുണ്ടായിട്ടില്ല. സമാന സ്ഥിതിയിലേക്കാണ് കേരളത്തിലെ പാർട്ടി നേതൃത്വവും നീങ്ങുന്നത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മുതിർന്ന നേതാക്കളുടെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും അവ ദുർബലങ്ങളായി അവശേഷിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top