ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം; ചന്ദ്രയാൻ 3 കൗണ്ട്ഡൗൺ ആരംഭിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപണത്തിന് സജ്ജം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05 ന് വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്‌ ഡൗണ്‍ ആരംഭിച്ചു. 25 മണിക്കൂറും 30 മിനിറ്റും നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ചന്ദ്രയാന്‍-3 വിക്ഷേപിക്കും.

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റാണ് ചന്ദ്രയാന്‍ 3-നെ വഹിക്കുന്നത്. എല്‍വിഎമ്മിന്റെ (Launch Vehicle Mark-III M4/Chandrayaan-3) ഏഴാമത്തെ ദൗത്യമാണിത്. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ 3 മൂണ്‍ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ഓഗസ്റ്റ് 23-24 തീയതികളിലാണ് ചന്ദ്രയാൻ-3 ലാൻഡിംഗ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ചന്ദ്രോപരിതലത്തില്‍ രാസ വിശകലനം നടത്താന്‍ ശേഷിയുള്ള സജ്ജീകരണങ്ങളുമായാണ് ചാന്ദ്രയാന്‍ 3 യാത്രയ്ക്കൊരുങ്ങുന്നത്. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

2019-ലെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് മൂന്നാം ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ്ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഈ തിരിച്ചടി പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്‍-3ല്‍ ഒരുക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top