ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ടു; കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി, നീതി ലഭിച്ചില്ലെന്ന് അമ്മ

ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജുവാണ് പ്രതി അര്‍ജുനനെ വെറുതെ വിട്ടത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

2021 ലാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പീഡനവും കൊലപാതകവുമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. കേസില്‍ 48 സാക്ഷികളെ വിസ്തരിച്ചിരുന്നു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇവയൊന്നും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പര്യാപ്തമല്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസും പ്രോസിക്യൂഷനും വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.

കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചത്. ഇത് അംഗകരിക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. വിധിക്കെതിരെ അറുവയസുകാരിയുടെ മാതാപിതാക്കളും ബന്ധുക്കളും വൈകാരികമായാണ് പ്രതികരിച്ചത്. തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നും വെറുതെ വിട്ട പ്രതിയെ കൊന്ന് ജയിലില്‍ പോകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. 14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റു കിട്ടിയ കുഞ്ഞിനെയാണ് നഷ്ടമായത്. ഒരു സ്ത്രീയായിട്ടു കൂടി ജഡ്ജി നീതി തന്നില്ല. എല്ലാവരും കാശ് വാങ്ങി പ്രതിയെ വെറുതെ വിട്ടുവെന്നും അമ്മ ആരോപിച്ചു. കോടതിയില്‍ നിന്ന് പുറത്തു വന്ന പ്രതിക്കു നേരെ ആക്രമണ ശ്രമമുണ്ടായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top