സോണി ഇന്ത്യക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കോടതി; സ്പെയര്‍ പാര്‍ട്ട്സ് ലഭ്യമാക്കാത്തത് അധാർമ്മികം; 69,000 പിഴയൊടുക്കണം

കൊച്ചി: ഉല്‍പന്നങ്ങളുടെ സ്‌പെയര്‍ പാര്‍ട്ട്‌സ് ലഭ്യമാക്കാത്തതിന് സോണി ഇന്ത്യ കമ്പനിക്കെതിരെ നടപടിയെടുത്ത് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. സോണി ഇന്ത്യ, മഡോണ കെയര്‍ സെന്റര്‍, നന്തിലത്ത് ജി മാര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ആലുവ സ്വദേശി വിനോജ് മാത്യു നല്‍കിയ പരാതിയിലാണ് പിഴ ഉത്തരവ്. ഡി.ബി.ബിനു അധ്യക്ഷനായ ബെഞ്ച് പരാതിക്കാരന് 69,448 രൂപ നഷ്ടപരിഹാരം വിധിച്ചത്.

2015 ഓഗസ്റ്റിലാണ് പരാതിക്കാരന്‍ 56,998 രൂപക്ക് സോണിയുടെ ടിവി വാങ്ങിയത്. ഒരുമാസം പിന്നിട്ടപ്പോള്‍ ടിവി തകരാറിലായി. ടിവി വാങ്ങിയ നന്തിലത്ത് ജി മാര്‍ട്ടിനെ തകരാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുതിയത് നല്‍കി. എന്നാല്‍ 6 വര്‍ഷത്തിനു ശേഷം ടിവിയുടെ ഡിസ്‌പ്ലേ വീണ്ടും തകരാറിലായി. എന്നാല്‍ ഇത്തവണ സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമല്ലാത്തതിനാല്‍ ടിവി റിപ്പയര്‍ ചെയ്ത് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. കൂടാതെ പുതിയ ടിവി വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിക്കുകയും ചെയ്തു.

ഉയര്‍ന്ന വില നല്‍കി വാങ്ങിയ ഉപകരണം ആറു വര്‍ഷം മാത്രം ഉപയോഗിക്കാന്‍ ഉള്ളതല്ലെന്ന പരാതിക്കാരന്റെ വാദം കോടതി ശരിവെച്ചു. ടിവിയുടെ വാറന്റി കാലാവധി അവസാനിച്ച ശേഷമാണ് പരാതി ഉന്നയിച്ചതെന്ന് എതിര്‍കക്ഷികള്‍ വ്യക്തമാക്കി. എന്നാല്‍ ആറു വര്‍ഷം തകരാര്‍ ഒന്നുമില്ലാതെ ടിവി പ്രവര്‍ത്തിച്ചുവെന്ന എതിര്‍കക്ഷികളുടെ വാദം കോടതി അംഗീകരിച്ചില്ല.

ഉല്‍പന്നങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് വിപണിയില്‍ ലഭ്യമാക്കേണ്ടത് നിര്‍മ്മാതാക്കളുടെ ചുമതലയാണെന്നും അത് ലഭ്യമല്ലാത്തത് കാരണം പുതിയ ഉല്‍പന്നം വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിക്കുന്നത് അധാര്‍മ്മിക കച്ചവട രീതിയാണെന്നും കോടതി കണ്ടെത്തി. ടിവിയുടെ വിലയില്‍നിന്ന് 15% കുറച്ച് 48,448 രൂപയും, നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളില്‍ 21,000 രൂപയും പരാതികാരന് നല്‍കാന്‍ കോടതി ഉത്തരവ് നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top