ജഡ്ജിമാർക്കായി കോഴ വാങ്ങിയെന്ന കേസ് അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി; അഡ്വ.സൈബി ജോസ് കിടങ്ങൂർ കുറ്റവിമുക്തൻ

കൊച്ചി: ജഡ്ജിമാർക്ക് നൽകാൻ കോഴ വാങ്ങിയെന്ന് ആരോപണവിധേയനായ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരായ കേസിലെ നടപടികൾ അവസാനിപ്പിച്ചു. കേസിൽ തെളിവില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നടപടി. ജഡ്ജിമാർക്കെന്ന പേരിൽ അഡ്വ.സൈബി പണം വാങ്ങിയെന്ന് ആരോപിച്ചവർ അത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഉന്നയിച്ചത് എന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ.

ആരോപണം ആദ്യം പുറത്തുവിട്ട അഡ്വ.അജിത് കുമാറും അഡ്വ.സൈബിയുമായി മുൻപ് തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും താമസിച്ചിരുന്ന റസിഡൻസ് അസോസിയേഷനിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ച സൈബിക്കെതിരെ അതിന് മുൻപും ശേഷവും ഒന്നാം സാക്ഷി അജിത് കുമാർ ഫെയ്സ്ബുക്കിലൂടെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നത് ക്രൈംബ്രാഞ്ച് കണക്കിലെടുത്തു.

സൈബി ജോസിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ ഹൈക്കോടതി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പോലീസിന് വിട്ടത്. അസാധാരണാംവിധം ഹൈക്കോടതി ഫുൾ കോർട്ട് റഫറൻസ് നടത്തി തീരുമാനിച്ചത് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. കേസിൻ്റെ ഗൌരവം കണക്കിലെടുത്ത് 2023 ഫെബ്രുവരിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഡിജിപി ഉത്തരവിട്ടു. പത്തുമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ ഇക്കഴിഞ്ഞ നവംബറിൽ ആണ് ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് നൽകിയത്.

കേസുമായി ബന്ധപ്പെട്ട് 194 പേരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു . പ്രധാന സാക്ഷികളുടെ മൊഴികളിൽ സാരമായ പൊരുത്തക്കേടുകളുണ്ട്. ജഡ്ജിമാർക്കോ മറ്റാർക്കെങ്കിലുമോ കോഴ നൽകാൻ പണം വാങ്ങിയതായി സൈബിയെ കേസ് ഏൽപിച്ചിട്ടുള്ള കക്ഷകളാരും മൊഴി നൽകിയില്ല. ഇങ്ങനെ സുപ്രധാന സാക്ഷികൾക്കാർക്കും സൈബിക്കെതിരെ തെളിവ് നൽകാനായില്ല. ഇനി തെളിവുകളൊന്നും ലഭിക്കാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. ഇത് അംഗീകരിച്ചാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് ഉത്തരവിറക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top