കെ.സുധാകരൻ പാപ്പരല്ലെന്ന് കോടതി; കെപിസിസി പ്രസിഡൻ്റിൻ്റെ ‘പാപ്പർ ഹർജി’ തള്ളി
കണ്ണൂര്‍: കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ സമർപ്പിച്ച പാപ്പർ ഹർജി കോടതി തള്ളി. 1998- ൽ ഇ.പി.ജയരാജൻ വധക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച പാപ്പർ ഹർജിയാണ് തലശേരി അഡീഷണൽ സബ് കോടതി തള്ളിയത്. സുധാകരൻ പാപ്പരല്ലെന്ന് വിധിച്ച കോടതി അപകീർത്തിക്കേസിൽ കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കാനും ഉത്തരവിട്ടു.
1995-ലെ ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കണ്ണൂർ എംഎൽഎയായിരുന്ന കെ സുധാകരൻ 1997-ൽ അറസ്റ്റിലായിരുന്നു. കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്നാൽ അറസ്റ്റ് അന്യായമെന്ന് ചൂണ്ടിക്കാട്ടി 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് 1998 ൽ സുധാകരൻ മാനനഷ്ടക്കേസ് നൽകുകയായിരുന്നു. കെട്ടിവെക്കാൻ 3. 43 ലക്ഷം രൂപ തൻ്റെ കൈവശം ഇല്ലെന്ന് വ്യക്തമാക്കി പാപ്പർ ഹർജിയും കേസിനൊപ്പം സുധാകരൻ സമർപ്പിച്ചു. പിന്നീട് വന്ന യുഡിഎഫ് സർക്കാർ സുധാകരന് അനുകൂലമായി നിലപാടെടുത്തതോടെ കോടതി ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു.
2022-ൽ സുധാകരന് ഒരു കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടാം പിണറായി സർക്കാർ കോടതിയെ സമീപിച്ചതോടെയാണ് കെപിസിസി പ്രസിഡൻ്റിൻ്റെ പാപ്പർ ഹർജി വീണ്ടും ചർച്ചയായത്. കൂടാതെ എംപി എന്ന നിലയിൽ മാസംതോറും സുധാകരൻ ആനുകൂല്യം പറ്റുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജയരാജൻ വധശ്രമക്കേസിൽ സുധാകരനെ കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജിയില്‍ ഉടൻ വാദം കേൾക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുധാകരനെതിരെയുള്ള പഴയ കേസുകൾ ഇടതുസര്‍ക്കാര്‍ പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here