സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ കൊന്നത് മൂന്നുമാസം ഗര്‍ഭിണിയായിരിക്കെ; ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയുമുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ നാലുമാസംകൂടി തടവ് അനുഭവിക്കണം. വലിയന്നൂര്‍ പി.കെ. ബിജിന (26) കൊല്ലപ്പെട്ട കേസിലാണ് ലോറിഡ്രൈവറായ ഇരിവേരി കെ.സി.അരുണിനെ ശിക്ഷിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയുടേതാണ് വിധി. ഭാര്യയെ കൊലപ്പെടുത്തിയതിനും ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിനും പ്രതിയെ പ്രത്യേകം ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
സംശയരോഗത്തെത്തുടര്‍ന്നാണ് ഈ അരുംകൊല നടന്നത്. മൃഗങ്ങളോടുപോലും മനുഷ്യന് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ രണ്ടാംസാക്ഷി എം.വി. ഷൈജ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ബിജിനയുടെ സഹോദരന്‍ പി.കെ. ജയരാജന്റെ ഭാര്യയാണ് ഷൈജ. അക്രമത്തിന്നിടയില്‍ ഇവര്‍ക്ക് കൈക്ക് പരുക്കേറ്റിരുന്നു.
2012 ജൂലായ് മൂന്നിന് രാവിലെ 10.30-നാണ് ബിജിനയെ കുത്തിയത്. വൈകിട്ട് മരിച്ചു. സംഭവശേഷം ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതി ആയുധം യാത്രയ്ക്കിടെ വലിച്ചെറിഞ്ഞു. ആയുധം കണ്ടെത്താന്‍ കഴിയാത്തത് പ്രോസിക്യൂഷന്റെ ന്യൂനതയായി കാണാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇതുകൂടി അംഗീകരിച്ചാണ് കോടതി വിധി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here