കോവിഡ് വകഭേദം ‘ജെഎൻ.1’കേരളത്തിൽ; കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നു

ഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ‘ജെഎൻ.1’ കേരളത്തിൽ സ്ഥിരീകരിച്ചു. കേന്ദ്ര സർക്കാരാണ് ഈ കാര്യം വ്യക്തമാക്കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് ‘ജെഎൻ.1’സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തുന്നവർ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തി. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നുണ്ട്. കോവിഡ് പോസിറ്റീവായ 1324 പേർ ചികിത്സയിലാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആശുപത്രികളുടെ തയാറെടുപ്പും മറ്റും പരിശോധിക്കുന്നതിനുള്ള മോക്ക് ഡ്രിൽ കേരളത്തിൽ നടക്കുന്നുണ്ടെന്നും ഇത് 18നു പൂർത്തിയാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
‘ജെഎൻ.1’ ബാധിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. ഐസിഎംആറിനു കീഴിലെ ലാബുകളുടെ കൺസോർഷ്യമായ ‘ഇൻസകോഗ്’ കോവിഡ് പോസിറ്റീവ് സാംപിളുകളിൽ നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ജെഎൻ.1 സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകള്‍ നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here