ടൂറിസത്തിന് വീണ്ടും കോവിഡ് ഭീഷണി; സഞ്ചാരികളുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചതോടെ വിനോദസഞ്ചാര മേഖല വീണ്ടും പരുങ്ങലില്‍. കോവിഡ് മൂലം രണ്ട് വര്‍ഷം കടുത്ത പ്രതിസന്ധി നേരിട്ട ടൂറിസം മേഖല പച്ച പിടിച്ചു തുടങ്ങുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി. ആരോഗ്യ വകുപ്പ് കൃത്യമായി ഇടപെട്ട് രോഗവ്യാപനം തടയാതെ ജനങ്ങളില്‍ ഭീതി പരത്തുകയാണെന്ന് ബസ്‌ ആന്‍ഡ്‌ കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ എം.എസ്.അനില്‍കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു.

കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ വരുന്ന സീസണാണ് ഡിസംബര്‍ ജനുവരി മാസങ്ങള്‍. കോവിഡ് ഭീതി ഒഴിഞ്ഞ് കൂടുതല്‍ സഞ്ചാരികള്‍ വന്നുതുടങ്ങുകയും വിനോദസഞ്ചാര മേഖല വീണ്ടും സജീവമാവുകയും ചെയ്ത സമയത്താണ് കോവിഡ് ജാഗ്രത നിര്‍ദേശം വരുന്നത്. നിലവില്‍ ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലേക്ക് കൂടുതല്‍ എത്തുന്നത്. വടക്കേ ഇന്ത്യയില്‍ കേരളാ ടൂറിസത്തിന് വന്‍ പ്രചാരം നല്‍കുന്നുണ്ട്. “സര്‍ക്കാരും ആരോഗ്യ വകുപ്പും കോവിഡ് കണക്കുകള്‍ പുറത്തുവിട്ട് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. സമൂഹത്തിന്റെ താഴെത്തട്ടില്‍ കൃത്യമായി പ്രവര്‍ത്തനം നടത്തി രോഗം തടയാതെ ആളുകളെ ഭീതിയിലാക്കുന്നത് കൊണ്ടാണ് വിനോദസഞ്ചാര മേഖലയില്‍ പ്രതിസന്ധി ഉണ്ടാകുന്നത്. കഴിഞ്ഞ കോവിഡ് കാലത്തും ഇതുതന്നെയാണ് മേഖല തകരാന്‍ ഉണ്ടായ പ്രധാനകാരണം”- അനില്‍ കുമാര്‍ പറയുന്നു. രാജ്യാന്തര സഞ്ചാരികളുടെ വരവ് കോവിഡിന് ശേഷം കുറവായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ വീണ്ടും വര്‍ധിച്ചു വരുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഭീതി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത് സഞ്ചാരികളില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 312 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. ഇതില്‍ 128 എണ്ണം കേരളത്തിലാണ്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഒരു കോവിഡ് മരണവും ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ പരിശോധന കുറവായിരുന്നതിനാലാണ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നത്. അതിനു മുമ്പുള്ള മൂന്ന് ദിവസങ്ങളിലും 200 നു മുകളിലായിരുന്നു കേരളത്തിലെ കേസുകളുടെ എണ്ണം. ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതടക്കമുള്ള നടപടികള്‍ കേരളത്തില്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top