കോവിഡ് കുതിക്കുന്നു: 1634 ആക്ടീവ് കേസുകള്‍; ഇന്നലെ മാത്രം 111 രോഗികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ദ്ധന. 1634 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇന്നലെ മാത്രം 111 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 1828 ആക്ടീവ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ തന്നെയാണ്. ഇന്നലെ ഇന്ത്യയില്‍ 127 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുള്‍. ഇന്നലെ രാജ്യത്ത് ഓദ്യോഗികമായി സ്ഥിരീകരിച്ച ഒരു കോവിഡ് മരണവും കേരളത്തിലാണ്.
കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം ‘ജെഎന്‍.1’ കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് ജെഎന്‍.1 സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ജെഎന്‍ 1 കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ അമേരിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം 38 രാജ്യങ്ങളില്‍ പടരുന്നുണ്ട്. തീവ്രവ്യാപന ശേഷിയാണ് ജെഎന്‍ 1 വകഭേദത്തെ അപകടകരമാക്കുന്നത്. നേരത്തെ കോവിഡ് ബാധിച്ചവരേയും വാക്‌സിന്‍ എടുത്തവരേയും പുതിയ വകഭേദം ബാധിക്കും. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങളാണ് ഈ വകഭേദത്തിലും ഉണ്ടാവുക. ഐസിഎംആറിനു കീഴിലെ ലാബുകളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സകോഗ്’ കോവിഡ് പോസിറ്റീവ് സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തില്‍ ജെഎന്‍.1 സ്ഥിരീകരിച്ചത്.
രാജ്യത്തെ ഉയര്‍ന്ന നിരക്കില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആശുപത്രികളിലെ തയാറെടുപ്പും മറ്റും പരിശോധിക്കുന്നതിനുള്ള മോക്ക് ഡ്രില്ലും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here