വിദേശയാത്രക്കിടെ കോവിഡ് ബാധിതരായി; ടൂർ കമ്പനിയുടെ വീഴ്ചയിൽ ഇൻഷുറൻസ് തുകയും മുടങ്ങി; പിഴയടിച്ച് ഉപഭോക്തൃ കോടതി

യാത്രാതീയതി തെറ്റായി രേഖപ്പെടുത്തിയ ടൂർ ഓപ്പറേറ്ററുടെ പിഴവ് കാരണം യാത്രാ ഇൻഷുറൻസ് കിട്ടാത്ത കേസിൽ 74,500 പിഴയീടാക്കി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. കൊച്ചി ഇടപ്പള്ളി സ്വദേശിയായ എഴുപതുകാരൻ ചന്ദ്രമോഹൻ ആണ് യാത്രക്കിടെ ഈജിപ്തിൽ വച്ച് കോവിഡ് ബാധിച്ച് ചികിത്സയിലായിട്ടും ഇൻഷുറൻസ് പരിരക്ഷ കിട്ടാതെ പോയത്. എറണാകുളത്തെ ബെന്നി റോയൽ ടൂർസ് എന്ന സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ച തിരിച്ചറിഞ്ഞാണ് ഉപഭോക്തൃ കോടതിയുടെ ഇടപെടൽ.

2022 ജനുവരി 16 മുതൽ 26 വരെയുള്ള തീയതികളിലാണ് ചന്ദ്രമോഹൻ ഭാര്യയുമൊത്ത് ഈജിപ്ത്, ജോർദാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രതിരിച്ചത്. 25 അംഗ സംഘത്തിനൊപ്പമാണ് പുറപ്പെട്ടത്. ടൂർ പാക്കേജിൽ ഇൻഷുറൻസ് കവറേജും ഉൾപ്പെട്ടിരുന്നു. ഈജിപ്തിൽ നിന്ന് ജോർദാനിലേക്ക് മടങ്ങുന്ന സംഘത്തിന് കോവിഡ് പരിശോധന നടത്തേണ്ടി വന്നു. പരാതിക്കാരൻ ഉൾപ്പെടെ 7 പേർക്ക് കോവിഡ് പോസിറ്റീവായി. ഇതോടെ യാത്ര മാറ്റിവെച്ച് ജോർദാനിൽ ക്വാറൻ്റയിനിൽ കഴിയേണ്ടി വന്നു.

പരാതിക്കാരന്റെ ഭാര്യ ഉൾപ്പെടെയുള്ള സംഘം യാത്ര പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ടെസ്റ്റ് നെഗറ്റീവ് ആകുന്നതുവരെ പരാതിക്കാരൻ ഉൾപ്പെടെയുള്ളവർക്ക് അവിടെ കഴിയേണ്ടി വന്നു. ശേഷം ജനുവരി 30ന് ഇവർ വിമാനമാർഗ്ഗം കൊച്ചിയിലെത്തി. ഇങ്ങനെ എത്തിയവർക്ക് വിമാന യാത്രാക്കൂലി, ഹോട്ടൽ താമസം, ട്രാൻസ്പോർട്ടേഷൻ എന്നീ ഇനങ്ങളിലായി ടൂർ ഓപ്പറേറ്റർ 24,500/- രൂപ അധികമായി ഈടാക്കി. ഇൻഷുറൻസ് തുക ഉൾപ്പെടെ ചോദിച്ച് പരാതിക്കാരൻ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. 2022 ഫെബ്രുവരി 16 മുതൽ 27 ഫെബ്രുവരി വരെയാണ് ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നത്. എന്നാൽ യാത്രയുടെ തീയതി 2022 ജനുവരി 16 മുതൽ 26 ആയിരുന്നു. ഇത് തെറ്റായി നൽകിയത് ടൂർ ഓപ്പറേറ്ററുടെ വീഴ്ചയാണ് എന്നാണ് പരാതിക്കാരന്റെ വാദം.

ഇതിന് ടൂർ ഓപ്പറേറ്ററിൽ നിന്ന് നഷ്ടപരിഹാരം ചോദിച്ചുകൊണ്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 70 വയസ്സുള്ള പരാതിക്കാരന് ഇൻഷുറൻസ് കവറേജ് കിട്ടാനുള്ള യോഗ്യത ഇല്ലെങ്കിലും തങ്ങളുടെ ശ്രമഫലമായിട്ടാണ് ഇൻഷൂറൻസ് പോളിസി ലഭ്യമാക്കിയതെന്ന് ടൂർ ഓപ്പറേറ്റർ ബോധിപ്പിച്ചു. പരാതിക്കാരൻ കോവിഡ് ബാധിതൻ ആയതുകൊണ്ടാണ് യാത്രാ സംഘത്തോടൊപ്പം വരാൻ കഴിയാതിരുന്നത്. അതുകൊണ്ട് പുതിയ വിമാന ടിക്കറ്റ് എടുക്കേണ്ടി വന്നു. അതാണ് അധിക തുക വാങ്ങാൻ കാരണം. ഇൻഷുറൻസ് രേഖകളിലെ യാത്രാ തീയതിയിലുള്ള വൈരുദ്ധ്യമാണ് ഇൻഷുറൻസ് തുക നിരസിക്കാനുള്ള കാരണം. അതിനുത്തരവാദി ഇൻഷുറൻസ് കമ്പനി മാത്രമാണെന്നും ടൂർ കമ്പനി ബോധിപ്പിച്ചു.

“70 വയസ്സിനു മേലുള്ള മുതിർന്ന പൗരന് ടൂർ ഓപ്പറേറ്ററുടെ അശ്രദ്ധ മൂലം വലിയ മന:ക്ലേശവും ധനനഷ്ടവും ശാരീരിക ബുദ്ധിമുട്ടും നേരിടേണ്ടിവന്നു. പരാതിക്കാരന് അവകാശപ്പെട്ട ഇൻഷൂറൻസ് തുക നിഷേധിക്കപ്പെട്ടതിനു കാരണം എതിർ കക്ഷിയുടെ ഭാഗത്തുള്ള സേവനത്തിനുള്ള അപര്യാപ്തതയാണ്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ , ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവായി 10,000 രൂപയും അധികമായി പരാതിക്കാരന് ചിലവാക്കേണ്ടി വന്ന 49,500 രൂപയും ഉൾപ്പെടെ 74,500/- രൂപ 45 ദിവസത്തിനകം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി എതിർകക്ഷിക്ക് നിർദേശം നൽകി. സമയപരിധിക്കുള്ളിൽ കൊടുക്കാത്ത പക്ഷം പലിശസഹിതം കൊടുക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top