കോവിഡ് ആശങ്ക വേണ്ട, ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയതോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ മനസിലാക്കിയതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നേരത്തെ നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താനും ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകള്‍ അയക്കാനും നിര്‍ദേശം നല്‍കി. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ പരിശോധനാ കിറ്റുകൾ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നേതൃത്വത്തില്‍ നിലവിലെ കോവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. കോവിഡ് കണ്ടെത്തുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കല്‍ കോളേജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണമെന്നുമാണ് നിർദേശം.
നിലവിലെ ആക്ടീവ് കേസുകളില്‍ ഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണമുള്ളവരായത് കൊണ്ട് വീടുകളിലാണുള്ളത്. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍-1 ഒമിക്രോണ്‍ വേരിയെന്റ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു. മരണമടഞ്ഞവരില്‍ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങി ഗുരുതര രോഗങ്ങള്‍ ഉള്ളവരായിരുന്നെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here