കോവിഡ് കാലത്ത് നടന്നത് കൊള്ള; പിപിഇ കിറ്റില്‍ മാത്രം 10.23 കോടിയുടെ ബാധ്യത; എണ്ണിപ്പറഞ്ഞ് സിഎജി

കോവിഡ് കാലത്ത് സംസ്താനത്തെ ആരോഗ്യ വകുപ്പില്‍ നടന്ന തീവെട്ടിക്കൊള്ള തുറന്ന് കാട്ടി സിഎജി റിപ്പോര്‍ട്ട്. പിപിഇ കിറ്റ് ഇടപാടില്‍ മാത്രം 10.23 കോടി രൂപയുടെ അധികബാധ്യത ഉണ്ടായെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയത്. കുറഞ്ഞ വിലക്ക് കിറ്റ് നല്‍കാന്‍ കമ്പനികള്‍ തയാറായിട്ടും അത് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിയന്തര സാഹരചര്യം പരിഗണിച്ച് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഉപയോഗിച്ചാണ് ഈ ക്രമക്കേട് നടന്നത്. മൂന്ന് കമ്പനികള്‍ അംഗീകൃത നിരക്കിലോ അതില്‍ അല്പം ഉയര്‍ന്ന നിരക്കിലോ പിപിഇ കിറ്റ് നല്‍കാന്‍ തയാറായിരുന്നു. പ്രാദേശിക വിപണിയിലും കുറഞ്ഞു നിരക്കില്‍ ലഭ്യമായിരുന്നു. 2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റ് മാര്‍ച്ച് 30ന് മറ്റൊരു കമ്പനിയില്‍നിന്നു 1550 രൂപയ്ക്കാണ് വാങ്ങിയത്. നേരത്തെ വാങ്ങിയതിലും 300 ഇരട്ടി വലയ്ക്കാണ് കിറ്റ് വാങ്ങിയത്. സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കുകയും ചെയ്തു. ഇത് ശരിയായ നടപടിയല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡ് കാല അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ദുരന്തമുഖത്ത് നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രമാണ് പുറത്തുവരുന്നത്. ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടത്. പി.ആര്‍ ഏജന്‍സികളുടെ പ്രൊപ്പഗന്‍ഡകളിലൂടെ വ്യാജ ഇമേജാണ് പിണറായി കെട്ടിപ്പൊക്കിയത്. ഇന്ന് പുറത്തു വന്ന സി.എ.ജി റിപ്പോര്‍ട്ട് ആ പി.ആര്‍ ഇമേജിനെ തകര്‍ക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top