അരളിച്ചെടി തിന്ന പശുവും കിടാവും ചത്തു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരണം; ആശങ്കയായി പൂവിലും ഇലയിലുമടക്കം കൊടിയ വിഷമുള്ള സസ്യം
പത്തനംതിട്ട: തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. സമീപത്തെ വീട്ടുകാര്‍ വെട്ടിക്കളഞ്ഞ അരളി, അബദ്ധത്തില്‍ തീറ്റയ്ക്ക് ഒപ്പം നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
പശുവിന് ദഹനക്കേടെന്ന് സംശയിച്ച് മരുന്ന് നല്‍കിയിരുന്നു. അന്നേദിവസം തന്നെ കിടാവ് ചത്തു. മരുന്ന് കൊടുത്തിട്ടും ദഹനക്കേട് മാറാത്തതിനെ തുടര്‍ന്ന് കുത്തിവയ്പ്പും എടുത്തിരുന്നു. കുത്തിവയ്പ്പെടുക്കാന്‍ എത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ഇത് സംശയത്തിന് കാരണമായി. തൊട്ടടുത്ത ദിവസമാണ് പശു ചത്തത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് അരളി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. യുകെയില്‍ ജോലിക്കായി പോകുകയായിരുന്ന സൂര്യ, യാത്ര തിരിക്കുന്നതിന് മുന്‍പ് വീടിന്‍റെ മുന്‍ വശത്തുള്ള അരളി ചെടിയില്‍ നിന്നും ഇലയോ പൂവോ അലസമായി അബദ്ധത്തില്‍ വായിലിട്ട് ചവച്ചു തുപ്പിയതായിരുന്നു മരണത്തിനിടയാക്കിയത്.
നെരിയം ഒലിയാൻഡർ (Neriyum Oleander) എന്ന ശാസ്ത്രീയ നാമമുള്ള അരളിപ്പൂവില്‍ ഒലിയാന്‍ഡ്രിൻ എന്ന കൊടിയവിഷം ഉള്ളതായി അമേരിക്കയുടെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രകാരം അരളി അടിമുടി വിഷമുള്ള മരണകാരണമായ സസ്യമാണ്. അതിന്‍റെ പൂവിലും ഇലയിലുമടക്കം കൊടിയ വിഷമുണ്ട്. ഇത് ഉള്ളില്‍ ചെന്നാല്‍ കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ട് ബാധിക്കാം. ഉള്ളില്‍ എത്തുന്ന ചെടിയുടെയോ പൂവിന്റെയോ അംശം കൂടുതലാവുകയും അങ്ങനെ വിഷത്തിന്റെ തോത് ക്രമാതീതമാകുകയും ചെയ്താല്‍ തല്‍ക്ഷണം മരണമാകും സംഭവിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here