സോറോസ് വിഷയത്തിൽ ബിജെപിയെ പിന്തുണച്ച് ബ്രിട്ടാസ്; എതിർത്ത് സിപിഐ
അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറസുമായി സോണിയാഗാന്ധിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ ബിജെപിക്ക് പിന്തുണ നൽകുന്ന നിലപാടുമായി സിപിഎം എംപി ജോൺ ബ്രിട്ടാസ്. യുഎസ് അതിസമ്പന്നനും കോൺഗ്രസ് നേതാവും തമ്മിലുള്ള ബന്ധം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന ഭരണപക്ഷ ആവശ്യത്തിനെയാണ് ബ്രിട്ടാസ് അനുകൂലിച്ചത്. എന്നാൽ സിപിഎം എംപിയെ തള്ളി സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ് കുമാർ രംഗത്തെത്തി.
Also Read: ‘അവർ സോണിയ ആയാലും രാഹുലായാലും’; രാജ്യദ്രോഹികൾക്കെതിരെ ഒന്നിക്കാൻ കോൺഗ്രസുകാരോട് ബിജെപി
കോൺഗ്രസ് നേതാവിന് ജോർജ് സോറോസുമായി ബന്ധമുണ്ടെന്ന വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം ഇന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ തളളിയിരുന്നു. പിന്നാലെ സഭാചട്ടങ്ങൾക്ക് വിരുദ്ധമായി ബിജെപി അംഗങ്ങള്‍ ചർച്ച വേണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും അതിനെ പ്രതിരോധിക്കുന്നതിന് ഇടയിലാണ് മുന്നണിയിൽ നിന്നും ബിജെപി അംഗങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാടുമായി ബ്രിട്ടാസ് എത്തിയത്.
അദാനിക്കെതിരെ അമേരിക്കൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ പ്രതിരോധിക്കാനായിരുന്നു കോൺഗ്രസ് നേതാക്കളും സോറോസും തമ്മിലുള്ള ആരോപണം ബിജെപി ഉയർത്തിയത്. ഇത് സഭയിൽ ചർച്ച ചെയ്യണമെന്നായിരുന്നു ഭരണപക്ഷത്തിൻ്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് അവർക്ക് അപ്രതീക്ഷിത പിന്തുണയുമായി, പ്രതിപക്ഷത്തെ ഞെട്ടിച്ച് സിപിഎം അംഗമെത്തിയത്. അദാനി വിഷയം പോലെ തന്നെ സോറോസ് വിഷയവും ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.
തൊട്ടുപിന്നാലെ സംസാരിച്ച കേരളത്തിൽ നിന്നുള്ള സിപിഐ അംഗമായ സന്തോഷ് കുമാർ സിപിഎം എംപിയുടെ നിലപാട് പൂർണമായും തള്ളുകയായിരുന്നു. അദാനിയെ രക്ഷിക്കാനാണ് ബിജെപി സോറോസ് വിഷയം ഉയർത്തുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇൻഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളായ സമാജ്‍വാദി പാർട്ടിയും ആർജെഡിയും ശിവസേനയും (ഉദ്ധവ് വിഭാഗം) ഒറ്റക്കെട്ടായി ബിജെപിയെ പ്രതിരോധിക്കപ്പോഴാണ് സിപിഎം നേതാവ് ബിജെപിയുടെ ആവശ്യത്തിന് പിന്തുണ നൽകി എത്തിയത്. മുതിർന്ന സിപിഎം നേതാവ് വികാസ് ഭട്ടചാര്യ ഉൾപ്പെടെയുള്ളവർ ഭരണകക്ഷിയുടെ ആവശ്യത്തെ എതിർത്തപ്പോഴായിരുന്നു ജോൺ ബ്രിട്ടാസിൻ്റെ പിന്തുണ എന്നതും ശ്രദ്ധേയമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here