മുഖ്യമന്ത്രിക്ക് മുന്നില്‍ മിണ്ടാട്ടമില്ല; എതിർപ്പെല്ലാം മാധ്യങ്ങള്‍ക്ക് മുന്നില്‍!! സിപിഐയുടെ ഒരു പ്രത്യേകതരം ‘തിരുത്തല്‍ പ്രക്രിയ’
തങ്ങളുടെ മന്ത്രിമാര്‍ കൂടി കൂടി അംഗമായ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് കൈയ്യടി വാങ്ങാനുളള ശ്രമം സിപിഐയുടെ പതിവാണ്. എന്നാല്‍ എതിര്‍പ്പ് പറയുന്നത് പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചയുടെ ഘട്ടത്തിലോ പ്രഖ്യാപനത്തിന് മുമ്പോ ആകാറില്ല. മറിച്ച് പൊതുസമൂഹത്തില്‍ പദ്ധതിക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണെങ്കില്‍ മാത്രം. പ്രതിഷേധത്തിന്റെ ഒാരം ചേര്‍ന്ന് നിന്ന് തിരുത്തല്‍ ശക്തിയാകാനുളള ശ്രമമാണ് സിപിഐ നടത്തുന്നത്.
ഏറ്റവും ഒടുവില്‍ സിപിഐ എതിര്‍പ്പ് പറഞ്ഞിരിക്കുന്നത് പാലക്കാട് കഞ്ചിക്കോട് മദ്യനിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതിലാണ്.
ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് എലപ്പുള്ളി പഞ്ചായത്തില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. 26 വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാനത്ത് ഒരു മദ്യ നിര്‍മ്മാണ പ്ലാന്റിന് അനുമതി നല്‍കുന്നത്. കുടിവെള്ള ക്ഷാമം ഏറെയുളള പഞ്ചായത്താണ് എലപ്പുള്ളി. ഇതോടെ പ്രതിപക്ഷവും വലിയ എതിര്‍പ്പ് ഉയര്‍ത്തി. നാട്ടുകാരം എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ സിപിഐയും പതിവ് പരിപാടിയുമായി രംഗത്തെത്തിയത്.
നാട്ടില്‍ വികസനം വേണം. എന്നാല്‍ കുടിവെളളത്തിന്റെ കാര്യം പ്രധാനമാണ്. അതിനെ മറന്നുളള വികസനം ഇടതു നയമല്ല. പാവപ്പട്ടവരെ കണക്കിലെടുത്തുള്ള വികസനമാണ് വേണ്ടത്. ഇടതുനയങ്ങളും താലപ്പര്യങ്ങളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ജനപക്ഷ വികസനമാണ് വേണ്ടത്. അതുകൊണ്ട് തന്നെ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് സിപിഐ പഠിക്കും പരിശോധിക്കും. എന്നിട്ട് മാത്രമേ മുന്നോട്ടു പോവുകയുള്ളൂ എന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് പറഞ്ഞത്.
എന്നാല്‍ ഈ എതിര്‍പ്പ് മന്ത്രിസഭാ യോഗത്തില്‍ ഈ പദ്ധതി സംബന്ധിച്ച് ചര്‍ച്ചയായപ്പോള്‍ സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്നതില്‍ ഉത്തരമില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് എതിര്‍പ്പ് ഉയര്‍ന്നപ്പോഴാണോ സിപിഐക്ക് മനസിലായത് എന്ന ചോദ്യത്തിനും മറുപടിയില്ല. മന്ത്രിമാരെല്ലാം പാര്‍ട്ടി നേതാക്കളാണെന്നും അവരുടെ കൂടി അഭിപ്രായമാണ് ഇതെന്നുമായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.
നേരത്തെ വനനിയമഭേദഗതി വിഷയത്തിലും സിപിഐ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ സിപിഐ മന്ത്രിമാരാരും മിണ്ടിയില്ല. എന്നാല്‍ വലിയ എതിര്‍പ്പ് നാട്ടില്‍ ഉയര്‍ന്നതോടെ സിപിഐയും തിരുത്താനിറങ്ങി. ഇതിനെ വനം മന്ത്രി എകെ ശശീന്ദ്രന്‍ തന്നെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിക്ക് മുന്നില്‍ മിണ്ടാനുള്ള ധൈര്യം സിപിഐ മന്ത്രിമാര്‍ക്കില്ലെന്ന വിമര്‍ശനം നേരത്തെ മുതല്‍ നിലനില്‍ക്കുന്നതാണ്. ഈ വിമര്‍ശനത്തിന് ഓരോ ദിവസവും ശക്തിപകരുന്നതാണ് സിപിഐ മന്ത്രിമാരുടെ പതിവ് സമീപനം. സിപിഐ എന്ന പാര്‍ട്ടിക്ക് പോലും സിപിഎം കാര്യമായ പരിഗണന നല്‍കാറില്ല. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പേരിനെങ്കിലും ഒരു നടപടി സ്വീകരിക്കാന്‍ ബിനോയ് വിശ്വം പലതവണ എകെജി സെന്ററില്‍ കയറിയിറങ്ങിയത് രാഷ്ട്രിയ കേരളം കണ്ടതാണ്.
ഭരണത്തിന്റെ നേട്ടങ്ങളെല്ലാം സ്വന്തം അക്കൗണ്ടില്‍ ആക്കുകയും, കോട്ടങ്ങള്‍ സിപിഎമ്മിന്റെ തലയില്‍ വയ്ക്കുകയുമാണ് സിപിഐ രീതിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴും സിപിഐയുടെ പ്രവര്‍ത്തികളെല്ലാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here