രാജ്യസഭ സീറ്റ് സിപിഐക്ക് തന്നെയെന്ന് ബിനോയ് വിശ്വം; തുടര്‍ഭരണത്തിന് കാരണം കേരള കോണ്‍ഗ്രസ് എന്ന് ജോസ്.കെ.മാണി; ഇടതുമുന്നണിയില്‍ തര്‍ക്കം രൂക്ഷം
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം മുറുകി. കേരള കോണ്‍ഗ്രസും (എം), സിപിഐയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. സ്വന്തം സീറ്റ് വിട്ടുനല്‍കില്ലെന്നാണ് സിപിഐയും കേരള കോണ്‍ഗ്രസും ശഠിക്കുന്നത്. എളമരം കരീം, ബിനോയ് വിശ്വം, ജോസ്.കെ.മാണി എന്നിവരുടെ കാലാവധിയാണ് ജൂലായ് ഒന്നിന് തീരുന്നത്. മൂന്ന് സീറ്റും ഇടതുമുന്നണിയുടെതാണെങ്കിലും ഇതില്‍ രണ്ട് സീറ്റുകളാണ് വിജയിക്കാന്‍ കഴിയുക. ഒരു സീറ്റ് സിപിഎമ്മിനും ഒരു സീറ്റ് ഒരു ഘടകകക്ഷിക്കും ലഭിക്കും. ഈ സീറ്റിനാണ് സിപിഐയും കേരള കോണ്‍ഗ്രസും നീക്കം ശക്തമാക്കുന്നത്.
സിപിഐയുടെ സീറ്റ് സിപിഐക്ക് തന്നെയെന്ന് ബിനോയ് വിശ്വം പ്രതികരിച്ചിട്ടുണ്ട്. എല്‍ഡിഎഫിന് സംസ്കാരമുണ്ട്. ആ സംസ്കാരം സിപിഐക്ക് അറിയാമെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.
സീറ്റ് പ്രശ്നം അടുത്ത എൽഡിഎഫ് യോഗത്തിൽ ഔദ്യോഗികമായി ആവശ്യപ്പെടാനുമാണ് സിപിഐ തീരുമാനം. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിനുള്ള പ്രാധാന്യം വ്യക്തമാക്കിയാണ് ജോസ്.കെമാണി രംഗത്തുവന്നത്. “കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ അത് കേരളത്തില്‍ ഇടത് തുടര്‍ഭരണത്തിന് വഴിയൊരുക്കി. ഈ യാഥാര്‍ത്ഥ്യം എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. പ്രശ്നം ഇടതുമുന്നണിയില്‍ ഉന്നയിക്കും.” – ജോസ്.കെ.മാണി പ്രതികരിച്ചു.
ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ രാജ്യസഭാ സീറ്റ് അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനിച്ചത്. രാജ്യസഭ സീറ്റ് ലഭിച്ചില്ലെങ്കില്‍ ജോസ്.കെ.മാണിക്ക് ഒരു സ്ഥാനവും ഇല്ലാത്ത അവസ്ഥവരും. റോഷി അഗസ്റ്റിന്‍ മന്ത്രിയായി തുടരുമ്പോഴാണ് പാര്‍ട്ടി ചെയര്‍മാന് ഈ പ്രശ്നം നേരിടേണ്ടി വരുന്നത്. ഇത് മുന്‍കൂട്ടി കണ്ടാണ് രാജ്യസഭാ സീറ്റ് പ്രശ്നത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here