പ്രതിച്ഛായ നഷ്ടപ്പെട്ട് സിപിഐ; ‘തട്ടിപ്പിൻ്റെ സഹകരണത്തിൽ’ ഉലയുന്ന എൽഡിഎഫ്

തിരുവനന്തപുരം: സിപിഐയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകർത്ത് കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്. കഴിഞ്ഞ 30 വർഷമായി ബാങ്ക് പ്രസിഡൻ്റായിരുന്ന എൻ.ഭാസുരാംഗനെ പാർട്ടിയിൽ നിന്നും പുറത്താക്കി തടിയൂരാനുള്ള ശ്രമങ്ങളും ബൂമറാംഗ് പോലെ സിപിഐയെ തിരിച്ചടിച്ചിരിക്കുകയാണ്. ഇഡി പിടിമുറുക്കിയതോടെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് പുറത്താക്കൽ നാടകം എന്ന വിമർശനവും ശക്തമാണ്. എന്നാൽ ഭാസുരാംഗൻ്റെ പുറത്താക്കൽകൊണ്ടൊന്നും മുഖം രക്ഷിക്കാൻ കഴിയില്ല എന്നതാണ് വസ്തുത. ഗുരുതരമായ ക്രമക്കേടുകൾ ബാങ്കിനെതിരെയും പ്രസിഡൻ്റിനെതിരെയും ഉയർന്നിട്ടും ഇത്രയും കാലം ആരാണ് ഭാസുരാംഗന് സംരക്ഷണ കവചമൊരുക്കിയത് എന്ന ചോദ്യമാണ് സിപിഐക്ക് തിരിച്ചടിയാകുന്നത്. ഇത് സംബന്ധിച്ച തെളിവുകൾ ഇഡി സ്വീകരിച്ചാൽ അഴിമതി വിരുദ്ധ പ്രതിശ്ചായയുടെ മറവിൽ തട്ടിപ്പിന് കുട പിടിക്കുകയായിരുന്നോ പാർട്ടി എന്ന ചോദ്യത്തിനും നേതാക്കൾ മറുപടി പറയേണ്ടി വരും.

2021 ൽ സഹകരണ വകുപ്പ് അന്വേഷണത്തിൽ ബാങ്കിലെ ക്രമക്കേട് പുറത്ത് വന്നെങ്കിലും ഇഡി അറസ്റ്റ് ചെയ്യും വരെ എന്തിന് ഭാസുരാംഗനെ സംരക്ഷിച്ചു എന്ന ചോദ്യമാണ് പാർട്ടിക്കുള്ളിലും പുറത്തും ഉയരുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് സമാനമായ തട്ടിപ്പിൽ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയും പുലിവാല് പിടിച്ചിരിക്കുന്നത്. കരുവന്നൂർ തട്ടിപ്പ് കേസിൽ ആശങ്ക പങ്കുവച്ച സിപിഐ തന്നെ പ്രതിസ്ഥാനത്ത് എത്തുമ്പോൾ നഷ്ടപ്പെടുന്നത് അധികാരത്തിൻ്റെ ഭാഗമായിരുന്നിട്ടും അഴിമതിക്കെതിരെ നിലപാടെടുക്കുന്നു എന്ന പാർട്ടിയുടെ പ്രതിച്ഛായയാണ്.

2005-2021 വരെയുള്ള കാലയളവിൽ 101 കോടിയുടെ ക്രമക്കേടാണ് ബാങ്കിൽ നടന്നതെന്നാണ് സഹകരണ വകുപ്പിൻ്റെ കണ്ടെത്തൽ. ഇതിൽ 35 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗനും മകനും ജീവനക്കാരും ചേർന്നാണ്. നിലവിൽ മന്ത്രിയായ സിപിഐ നേതാവ് ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഭാസുരാംഗൻ്റെ തട്ടിപ്പ് പുറത്ത് വരുന്നത്. എന്നാൽ അന്ന് മുതൽ ഇഡി കസ്റ്റഡിയിലാകുംവരെ ആരോപണവിധേയനെ പാർട്ടി സംരക്ഷിച്ചു.

ഭാസുരാംഗൻ നടത്തിയ തട്ടിപ്പുകളിൽ സിപിഐ നേതൃത്വത്തിലെ പ്രമുഖരും ഒരു മന്ത്രിയും പങ്കുപറ്റിയതായി പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുയരുന്നുണ്ട്. ബാങ്കിൽ നടന്ന തട്ടിപ്പിൻ്റെ വ്യാപ്തി മനസിലായിട്ടും ജില്ലാ എക്സിക്യുട്ടീവിൽ പല തവണ വിഷയം ചർച്ചയായിട്ടും ചെറുവിരൽ അനക്കാൻ സിപിഐ നേതൃത്വം തയാറായില്ല. 2006 ൽ കെ കരുണാകരൻ രൂപീകരിച്ച ഡമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസിൽ (ഡിഐസി) നിന്നും പാർട്ടിയിൽ എത്തിയ ഭാസുരാംഗനെ മിൽമ തിരുവനന്തപുരം യൂണിയൻ മേഖലാ കൺവീനർ വരെയാക്കി. പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ടായിട്ടും ഭാസുരാംഗനെ പാർട്ടി സംരക്ഷിച്ചത് സിപിഎം- സിപിഐ ഉന്നത നേതാക്കളുമായിട്ടുള്ള ബന്ധമാണ് ഇതിന് പിന്നിൽ എന്ന ആക്ഷേപവും വ്യാപകമാണ്. ക്ഷീര സംഘത്തിലും അഴിമതി ആരോപണം ഭാസുരാംഗനെതിരെ ഉയർന്നപ്പോഴും പാർട്ടി നേതൃത്വം കണ്ണടച്ചു.

ക്ഷീര സംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന ആസിഡ് ആക്രമണത്തിലെ പ്രതി സജികുമാറിന്റെ ആത്മഹത്യ കുറിപ്പിൽ നിന്നുള്ള വെളിപ്പെടുത്തൽ പുറത്ത് വന്നപ്പോഴും പാർട്ടി നടപടിയെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ രൂക്ഷ വിമർശനമാണ് പാർട്ടിയിൽ ഉയർന്നത്. ഇതോടെ 2023 ജൂലായിൽ ജില്ലാഎക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കാൻ പാർട്ടി നിർബന്ധിതമായി.എന്നിട്ടും മിൽമയുടെ മേഖല യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നില്ല. ജില്ലാ എക്സിക്യൂട്ടീവ് ഭാസുരാംഗനോട് വിശദീകരണവും ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഈ വിഷയം ചർച്ച ചെയ്യാതെ ഒതുക്കുകയായിരുന്നു. ഇന്നലെ ഇഡി കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ മിൽമ മേഖലാ യൂണിയൻ കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കി. ആരോപണ വിധേയനെ സംരക്ഷിച്ച് നിർത്തിയ ശേഷമുള്ള പുറത്താക്കൽ നടപടികൾ കൊണ്ട് കൈ കഴുകാൻ കഴിയുന്നതല്ല സിപിഐ നേതൃത്വത്തിന് കണ്ടല ഏൽപിച്ചിരിക്കുന്ന കളങ്കം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം ലോക്സഭാ സീറ്റിലും വിഷയം പാർട്ടിക്ക് തിരിച്ചടിയാകും.

മുന്നണിയിൽ പങ്കാളിയായിരിക്കെ ഒന്നാം പിണറായി സർക്കാരിൻ്റെ അഴിമതികൾ എണ്ണിപറഞ്ഞ് ഭരണത്തില്‍ തി​രു​ത്ത​ൽ ശ​ക്തി​യാ​യി​രു​ന്ന സിപിഐ​ക്ക് കണ്ടല ബാങ്ക് തട്ടിപ്പ് ഉയർത്തുന്ന പ്രതിസന്ധിയുടെ ആഴം ചെറുതല്ല. അത് ഭാസുരാംഗൻ്റെ പുറത്താക്കൽ കൊണ്ട് അവസാനിക്കുന്നതല്ലെന്ന് സാരം. രാജാവ് നഗ്‌നനാണെന്ന് ഇതുവരെ പല അഴിമതികളിലും വിളിച്ച് പറഞ്ഞ ഇടത് മുന്നണിയുടെ സ്വന്തം ഘടകക്ഷിയായ ആയ സിപിഐ തന്നെ കണ്ടല ബാങ്ക് തട്ടിപ്പിൽ നഗ്നരായിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top