തരാതരം പോലെ നിലപാട് മാറ്റുന്ന ബിനോയ് വിശ്വം; ആശാസമരം ന്യായമാണെന്ന് ആദ്യം, സമരം രാഷ്ടീയായുധം ആക്കരുതെന്ന് ഇപ്പോൾ ഉപദേശം…

സായ്പ്പിനെ കാണുമ്പോ കവാത്ത് മറക്കുന്ന രാഷ്ട്രീയ നേതാവാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെളിയത്തിൻ്റെയും കാനത്തിൻ്റെയുമൊക്കെ പിൻഗാമിയായി വന്ന താൻ അവരെപ്പോലെയൊക്കെ തിരുത്തൽ ശക്തിയാണെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രതയുണ്ട്. പക്ഷെ പിണറായി വിജയൻ നയിക്കുന്ന വല്യേട്ടൻ പാർട്ടി കണ്ണുരുട്ടിയാൽ പിന്നെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. ഇതാണിപ്പോൾ സ്ഥിതി. കഴിഞ്ഞ കുറെ നാളുകളായി ഇതാണ് പാർട്ടി പരിപാടി.
18 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് പിന്തുണ നല്കി ബിനോയ് വിശ്വം സർക്കാരിനേയും സിപിഎമ്മിനേയും ഞെട്ടിച്ചു. അവരുടെ സമരം ന്യായമാണെന്നും ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ഫെബ്രുവരി 22ന് മാധ്യമങ്ങളോട് പറയുന്നു. അഞ്ച് ദിവസം കഴിഞ്ഞ് ആലപ്പുഴയിൽ വെച്ച് അദ്ദേഹം ചുവടുമാറ്റുന്നു – കേരളത്തിലാണ് ആശാപ്രവർത്തകർക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നത്. സമരം ന്യായമാണെങ്കിലും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നവരുടെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയാമെന്നും അവരെ സ്വതന്ത്രരെന്ന് ചിത്രീകരിക്കരുതെന്നും പറയുന്നു. ആശാ പ്രവർത്തകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും എന്നാണ് കരുതുന്നതെന്നും സമരം എല്‍ഡിഎഫിനെതിരായ രാഷ്ട്രീയ ആയുധമാക്കാന്‍ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു.
സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റി ഓഫിസായ സി കെ കുമാരപണിക്കർ സ്മാരക മന്ദിരത്തിൽ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സിപിഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. സമരം നടത്തുന്നവർ സ്വതന്ത്രരാണെങ്കിലോ അല്ലെങ്കിലോ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊന്നും ബിനോയ് വിശ്വം പറയുന്നില്ല. ആശാ സമരത്തോട് അനുഭാവമുണ്ടെന്ന് പറയുകയും സിപിഎം കണ്ണുരുട്ടുമ്പോൾ നിലപാട് മാറ്റിപ്പറയുകയും ചെയ്യുകയുമാണ് ഇവിടെ. ആശാ വർക്കർമാരുടെ സമരം ന്യായമാണെന്ന് പറയുന്ന സിപിഐ നേതാവ് ഒരിക്കൽപോലും അവരുടെ ആവശ്യങ്ങൾ നേടിക്കൊടുക്കാൻ ഒരു സഹായവും ചെയ്യാൻ അദ്ദേഹം തയ്യാറാവുന്നില്ല.
എലപ്പുള്ളിയിൽ ഒയാസിസ് കമ്പനി മദ്യനിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ പാലക്കാട് ജില്ലാക്കമ്മറ്റി പ്രമേയം പാസ്സാക്കി. സംസ്ഥാന നേതൃത്വവും ഈ നിലപാട് അംഗീകരിക്കുകയും ചെയ്തിരുന്നു. ജനുവരി 23ന് കൊല്ലത്ത് ബിനോയ് വിശ്വം പറഞ്ഞതെല്ലാം മദ്യ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് എതിരായിരുന്നു. “സിപിഐ വികസന വിരുദ്ധരല്ല. പക്ഷേ ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ല. കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ.” വിഷയം ഇടതുമുന്നണി ചര്‍ച്ചചെയ്തോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
ഈ മാസം 19ന് സിപിഐ ആസ്ഥാനമായ എം എൻ സ്മാരകത്തിൽ നടന്ന എൽഡിഎഫ് യോഗത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഖണ്ഡിതമായി പറഞ്ഞു – മദ്യ നിർമ്മാണ യൂണിറ്റുമായി സർക്കാർ മുന്നോട്ട് പോകും, ക്യാബിനറ്റ് എടുത്ത തീരുമാനമാണ്. ആര് എതിർത്താലും പദ്ധതി നടപ്പാക്കും.” – കട്ടയ്ക്ക് ഇക്കാര്യം പറഞ്ഞതോടെ സിപിഐയുടെ കാറ്റൂരി വിട്ട അവസ്ഥയിലായി. അതിന് ശേഷം ബിനോയ് വിശ്വം മദ്യ നിർമ്മാണ യൂണിറ്റിനെക്കുറിച്ച് മിണ്ടിയിട്ടില്ല.
തിരുത്തൽ ശക്തിയാണെന്ന് മേനി നടിക്കുന്നതല്ലാതെ ഒന്നും തിരുത്തിയ ചരിത്രം ബിനോയ് വിശ്വം നേതാവായ ശേഷം സിപിഐയ്ക്ക് പറയാനുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here