എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ നിലപാട് കടുപ്പിച്ച് സിപിഐ; തളളാനും കൊള്ളാനുമാകാതെ മുഖ്യമന്ത്രി

തൃശൂര്‍ പൂരം കലക്കിയതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സിപിഐയുടെ ആവശ്യം ഇടതു മുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതോടൊപ്പം എഡിജിപി അജിത്കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുളള കൂടിക്കാഴ്ചയിലും കടുത്ത നിലപാടിലാണ് സിപിഐ. ഇത് സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഒരു പോലെ വിഷമ വൃത്തത്തിലാക്കിയിരിക്കയാണ്. പൂരം അലങ്കോലമാക്കിയ പോലീസ് നടപടിയിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മുന്നണി ബന്ധത്തെപ്പോലും ബാധിക്കുന്നതാണ് എന്നാണ് സിപിഐ നിലപാട്. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഈ വിഷയം ഉന്നയിക്കാണ് സിപിഐ നീക്കം എന്നാണ് വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പൂരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടഞ്ഞതും തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവെക്കാനും ഇടയായ സംഭവങ്ങളില്‍ അന്വേഷണം വേണമെന്ന് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയായ വിഎസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. പോലീസ് കമ്മീഷണറുടെ ഇടപെടല്‍ അതിരു കടന്നതായിരുന്നുവെന്ന് എല്‍ഡിഎഫ് അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അഞ്ചു മാസം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സിപിഐ കടുത്ത അമര്‍ഷത്തിലാണ്. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തുവരണമെന്ന സിപിഐയുടെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.

സര്‍ക്കാര്‍ ചെലവില്‍ പൂരം അട്ടിമറിച്ചതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയും സുരേഷ് ഗോപിയുമാണെന്നാണ് സിപിഐയുടെ ആക്ഷേപം. അതിനിടയിലാണ് അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും പുറത്തുവന്നത്. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പ്രസ്താവനയോടും സിപിഐ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഇടതുപക്ഷം ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പുകഴ്ത്തി പലവട്ടം സംസാരിച്ചതും സിപിഐയെ പ്രകോപിപ്പിച്ച സംഭവങ്ങളാണ്. മേയറിനെതിരെ നടപടി വേണമെന്ന സിപിഐയുടെ ആവശ്യത്തോട് സിപിഎം മുഖം തിരിച്ചതു സിപിഐയെ അസ്വസ്ഥരാക്കിയിരുന്നു.

എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി തൃശൂരിലും തിരുവനന്തപുരത്തും നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന സിപിഐയുടെ ആവശ്യത്തോട് മുഖ്യമന്ത്രി അനുകൂലമായോ പ്രതികുലമായോ പ്രതികരിച്ചിട്ടില്ല. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് വ്യക്തമാക്കടണമെന്ന സിപിഐ ദേശീയ സെക്രട്ടറി ഡി രാജയുടെ ആവശ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ആര്‍എസ്എസുമായി സിപിഎമ്മും മുഖ്യമന്ത്രിയും പിന്‍വാതില്‍ സഖ്യവും ഇടപാടുകളും നടത്തുന്നുവെന്ന കോണ്‍ഗ്രസിന്റെ നിലപാടുകളോട് സിപിഐ ഐക്യപ്പെട്ടുന്നുണ്ടോ എന്ന സംശയം മുഖ്യമന്ത്രിയെ പിന്തുണക്കുന്നവര്‍ക്കുണ്ട്. പാര്‍ട്ടിക്കൂള്ളിലും മുന്നണിയിലും അജിത്കുമാറിനെതിരെ രോഷം പുകയുമ്പോള്‍ പിണറായി വിജയന്‍ എത്ര നാള്‍ സംരക്ഷിച്ചു നിര്‍ത്തുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top