പൂരം അലങ്കോലമായെന്ന് പറഞ്ഞാല്‍ സംഘപരിവാറിന്റെ ബി ടീമാകും; മുഖ്യമന്ത്രിയുടെ നിലപാടില്‍ കറങ്ങി സിപിഐ; എന്ത് പ്രതികരിക്കണമെന്ന് അറിയാതെ നേതൃത്വം

തൃശൂര്‍ പൂരം അലങ്കോലമായില്ലെന്നും അതിനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ പ്രതിസന്ധിയിലായത് സിപിഐയാണ്. ആദ്യം മുതല്‍ പൂരം അലങ്കോലമായെന്നും അതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്ന സിപിഐ നേതാക്കളും മന്ത്രിമാരുമെല്ലാം ഒരു നിമിഷം കൊണ്ട് ഇരുട്ടിലായി. സംഭവത്തില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതും എഡിജിപി എംആര്‍ അജിത് കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റിയതും പറഞ്ഞ് മേനി നടിച്ചിരുന്ന സിപിഐയുടെ തലയ്ക്കുള്ള അടിയായി മുഖ്യമന്ത്രിയുടെ നിലപാട്.
പൂരം അലങ്കോലമായെന്ന് പറയുന്നതും പ്രചരിപ്പിക്കുന്നതും സംഘപരിവാറിന്റെ ബി ടീമാണെന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ സ്ഥിതി അതീവഗുരുതരമായി. ഭരണകക്ഷിയിലെ രണ്ടാമത്തെ കക്ഷിയാണെങ്കിലും മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായ ഒരു നിലപാട് പറയാന്‍ കഴിയാത്ത സ്ഥാതിയിലാണ് സിപിഐ. പറഞ്ഞാല്‍ മുന്നണിയില്‍ അനൈക്യം എന്ന സന്ദേശം പരക്കും. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വം സിപിഐ തന്നെ ഏല്‍ക്കേണ്ടിയും വരും.
ഒരു എഡിജിപിക്കെതിരെ പേരിന് ഒരു നടപടിയെടുക്കാന്‍ ബിനോയ് വിശ്വവും സംഘവും ചെറുതായല്ല വിയര്‍ത്തത്. എംആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പലതവണ എകെജി സെന്റര്‍ കയറി ഇറങ്ങേണ്ടി വന്നു. ഇത്രയും ഗതികേട് സിപിഐ ഒരുകാലത്തും അഭിമുഖീകരിച്ചിട്ടില്ല. ഇതോടൊപ്പം തന്നെ തങ്ങളുടെ പ്രധാന നേതാവിനെ തന്നെ രംഗത്തിറക്കിയ തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിയിലെ പ്രധാന കാരണമായ പൂരം അലങ്കോലമായതിലും ഒന്നും പറയാന്‍ കഴിയാത്ത സ്ഥിതിയാണ്.
പാര്‍ട്ടിക്കുളളില്‍ ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷമുണ്ട്. ആത്മാഭിമാനം പണയം വച്ച് സിപിഎമ്മിന്റെ ഏറാന്‍മൂളികളായി എന്തിന് ഇങ്ങനെ നില്‍ക്കണം എന്ന് ചിന്തിക്കുന്നവരും സിപിഐയിലുണ്ട്. എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശക്തരായതിനാല്‍ സിപിഐയിലെ ഈ വിമത ശബ്ദങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടാകുന്നില്ല എന്ന് മാത്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here