ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി അജിത്കുമാറിനെ മാറ്റിയേ തീരു; കടുപ്പിച്ച് സിപിഐ
എഡിജിപി അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കിയേ തീരുവെന്ന നിലപാട് കടുപ്പിച്ച് സിപിഐ. ആര്‍എസ്എസ് ബന്ധമുളള ഉദ്യോഗസ്ഥന്‍ ഇടതുപക്ഷം ഭരിക്കുമ്പോള്‍ പ്രധാന ചുമതലയില്‍ ഇരിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല. അങ്ങനെ ഒരു ഉദ്യോസ്ഥന് നീതി നടപ്പാക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. നിയമസഭാ സമ്മേളനം തുടങ്ങുന്ന ഓക്ടോബര്‍ നാലിന് മുമ്പ് തീരുമാനം വേണമെന്നും സിപിഐ ആവശ്യപ്പെടുന്നു.
എഡിജിപിയുടെ വിഷയം പൊളിറ്റിക്കല്‍ വിഷയമാണെന്നും എന്നാല്‍ സര്‍ക്കാര്‍ വിഷയത്തെ സമീപിക്കുന്നത് ആ രീതിയിലല്ലെന്നും സിപിഐ നേതാവ് പ്രകാശ് ബാബു വിമര്‍ശിച്ചു. എഡിജിപിയെ മറ്റാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് പ്രയാസമായിരിക്കും. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്റെ പേരില്‍ ഒരു തര്‍ക്കത്തിനില്ല. അന്വേഷിച്ച് ഒരു നിഗമനത്തിലെത്തി ചേരാന്‍ കഴിയുന്ന വിഷയമല്ല. അത് സര്‍ക്കാര്‍ മനസിലാക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.
പിവി അന്‍വര്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പമാണ് സിപിഐയും കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പൂരം അലങ്കോലമാക്കിയതിലടക്കം സിപിഐക്ക് കടുത്ത അമര്‍ഷമുണ്ട്. ഇതാണ് അജിത്കുമാറിനെ നീക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here